തിരുവനന്തപുരം: ജനുവരിയിലെ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജനുവരി 15 രാത്രി 12 വരെ അപേക്ഷ സമർപ്പിക്കാം. പരീക്ഷകൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ ജില്ലാ പരീക്ഷാ കേന്ദ്രങ്ങളിൽ ഓൺലൈനായി നടത്തും. വിജ്ഞാപനം വെബ്‌സൈറ്റിൽ. ടൈംടേബിൾ തുടർന്ന് പ്രസിദ്ധീകരിക്കും.
വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട് കാഴ്ചവൈകല്യമുളളവർക്കുവേണ്ടി നടത്തുന്ന വാചാപരീക്ഷകൾക്കുളള വിജ്ഞാപനവും പ്രസിദ്ധീകരിച്ചു. വിജ്ഞാപനത്തോടൊപ്പം ചേർത്തിട്ടുളള മാതൃകയിൽ അച്ചടിച്ചതോ ടൈപ്പ് ചെയ്തതോ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തതോ ആയ അപേക്ഷാഫോറത്തിൽ അപേക്ഷിക്കണം. ഓരോ പേപ്പറിനും (സൗജന്യ അവസരം ഒഴികെ) 160 രൂപ നിരക്കിൽ 0051-PSC-105-State PSC-99-Examination fee എന്ന ശീർഷകത്തിൽ ട്രഷറിയിൽ തുക ഒടുക്കിയ അസൽ ചെലാനും കാഴ്ചവൈകല്യം സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം. അവസാന തീയതി ജനുവരി 15 വൈകുന്നേരം 5 വരെ. അപേക്ഷകൾ ജോയിന്റ് സെക്രട്ടറി, ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റ് വിഭാഗം, കേരള പബ്ലിക് സർവീസ് കമ്മിഷൻ, പട്ടം, തിരുവനന്തപുരം 695004 വിലാസത്തിൽ ലഭിക്കണം.