വെള്ളറട: വെള്ളറട ടൗൺ, ആനപ്പാറ എന്നിവിടങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിട്ട് കാലങ്ങളായി. നാട്ടുകാർ നേരിടുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അധികൃതരുടെ ഭാഗത്തുനിന്നും വേണ്ട നടപടി സ്വീകരിക്കാത്തത് കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കുകയാണ്. ജനങ്ങൾക്ക് ആകെ ആശ്രയമായിരുന്ന കിണറുകൾ വറ്റിയതോടെയാണ് കുടിവെള്ളക്ഷാമം അനുഭവിക്കാൻ തുടങ്ങിയത്. വരൾച്ച മാറി മഴപെയ്തിട്ടും ഇവിടത്തെ കിണറുകൾ പഴയ പടിതന്നെ. ടൗൺ കേന്ദ്രീകരിച്ച് ചെറുകിട കുടിവെള്ള പദ്ധതികൾ ഒന്നും തന്നെയില്ല. ആനപ്പാറയിൽ ഉണ്ടായിരുന്ന കുടിവെള്ള പദ്ധതിയാണ് ആകെയുണ്ടായിരുന്ന ആശ്വാസം. എന്നാൽ അതും നിലച്ചതോടെ കുടിവെള്ളത്തിനായി പ്രദേശവാസികൾ നെട്ടോട്ടമോടാൻ തുടങ്ങി.
എത്തിനോക്കാതെ കാളിപ്പാറ
കാളിപ്പാറ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ കടന്നുപോകുന്നത് വെള്ളറട പഞ്ചായത്തിലൂടെയാണ്. എന്നാൽ ടൗൺ പ്രദേശത്തേക്ക് പദ്ധതി എത്തിനോക്കുന്നപോലുമില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആനപ്പാറ ഭാഗത്തുകൂടെ ടൗണിൽ എത്താതെയാണ് പൈപ്പ് കടന്നുപോകുന്നത്. ഏകദേശം അരക്കിലോമീറ്റർ ദൂരം വരുന്ന ടൗണിൽ കാളിപ്പാറ പദ്ധതിയിൽ നിന്നുള്ള പൈപ്പ് ലൈൻ നീട്ടിയാൽ പ്രശ്നത്തിന് താത്കാലിക പരിഹാരം കാണാൻ കഴിയും.
നിവേദനങ്ങളുമായി ജനം
കാളിപ്പാറ പൈപ്പ് ലൈൻ ടൗൺ വരെ നീട്ടിയാൽ കണക്ഷനെടുക്കാൻ കാത്തിരിക്കുകയാണ് ഇവിടത്തെ ജനങ്ങൾ. വീടുകളുള്ള പ്രദേശത്തുകൂടെ പൈപ്പ് ലൈൻ നീട്ടുന്നതോടെ വാട്ടർ അതോറിട്ടിക്കും പ്രയോജനം ഉണ്ടാകും. എം.എൽ.എയോ ഗ്രാമപഞ്ചായത്തോ ഇടപെട്ട് വെള്ളറട വരെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് നാട്ടുകാർ നിവേദനങ്ങളുമായി കയറിയിറങ്ങുകയാണ്.