വിതുര: വിതുര ഐസറിലേക്ക് പോകുന്ന പ്രധാന റോഡായ തേവിയോട് - ഐസർ - ജേഴ്സിഫാം റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി കെ.എസ്. ശബരീനാഥൻ എം.എൽ.എ. തേവിയോട് - ബോണക്കാട് റോഡിലെ തേവിയോടു മുതൽ കാണിത്തടം ചെക്ക്‌പോസ്റ്റ് വരെയാണ് ആദ്യഘട്ടത്തിൽ നവീകരിക്കുന്നതെന്ന് എം.എൽ.എ അറിയിച്ചു. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി 14 ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ആകെ 13 മീറ്റർ വീതിയിൽ നവീകരിക്കുന്ന റോഡിൽ പരമാവധി പുറമ്പോക്ക് ഏറ്റെടുത്തുകൊണ്ട് രണ്ട് വരികളിലായി 10 മീറ്റർ വീതിയിൽ റോഡ് ടാർ ചെയ്യും. ഈ റോഡ് കടന്നു പോകുന്ന ഭാഗത്തെ കുടിവെള്ള പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കാൻ വാട്ടർ അതോറിട്ടിക്കും വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ കെ.എസ്.ഇ.ബിക്കും തുക വകയിരുത്തിയിട്ടുണ്ട്. ഈ റോഡിന്റെ പല ഭാഗങ്ങളിലും വളവുകൾ നിലവിലുണ്ട്. പുറമ്പോക്ക് അതിർത്തിക്കുള്ളിൽ നിന്ന് കൊണ്ട് വളവ് പരമാവധി നിവർത്തിയാകും റോഡ് നിർമ്മാണം പൂർത്തിയാക്കുന്നത്. റോഡിന്റെ നിർമ്മാണോദ്ഘാടനം 26 ന് വൈകിട്ട് 5ന് തേവിയോട് ജംഗ്ഷനിൽ മന്ത്രി ജി. സുധാകരൻ നിർവഹിക്കുമെന്ന് കെ.എസ്. ശബരീനാഥൻ എം.എൽ.എ അറിയിച്ചു. നിർമ്മാണോദ്ഘാടനവുമായി ബന്ധപ്പെട്ട് ഇന്നലെ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ സ്വാഗത സംഘം യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ടി.എസ്. ജയരാജ്, അസിസ്റ്റന്റ് എൻജിനിയർ വി.എസ്. ആനന്ദ്, ഐസർ അസിസ്റ്റന്റ് രജിസ്ട്രാർ മനോജ്, പഞ്ചായത്തംഗങ്ങളായ പ്രേം ഗോപകുമാർ, പി. ശുഭ, ഷാഹുൽനാഥ് അലിഖാൻ, ബി. മുരളീധരൻ നായർ, എം. ലാലി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, തേവിയോട് വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സ്വാഗത സംഘം ചെയർമാനായി കെ.എസ്. ശബരീനാഥൻ എം.എൽ.എയെയും ജനറൽ കൺവീനറായി പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരിയെയും തിരഞ്ഞെടുത്തു.