university-of-kerala-logo

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ആലപ്പുഴയിലെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിൽ, 32 എം.ബി.എ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് മൂല്യനി‌ർണയത്തിന് അയയ്ക്കാതെ അഞ്ചുമാസം അലമാരയിൽ പൂട്ടിവച്ചു. ഉത്തരക്കടലാസുകൾ മൂല്യനിർണയ ക്യാമ്പിലെത്താത്തതിനെത്തുടർന്ന് നടത്തിയ വ്യാപകമായ തെരച്ചലിലാണ് അലമാരയിൽ നിന്ന് ഉത്തരക്കടലാസുകൾ കണ്ടെത്തിയത്. ഇതേത്തുടർന്ന് മൂന്നാം സെമസ്റ്റർ പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്താൻ തീരുമാനിച്ചു. അതേസമയം, ഉത്തരക്കടലാസുകൾ ചവറ്റുകുട്ടയിൽ നിന്നാണ് കണ്ടെടുത്തതെന്ന് സേവ് യൂണിവേഴ്‌സി​റ്റി കാമ്പെയിൻ കമ്മി​റ്റി കുറ്റപ്പെടുത്തി.

സർവകലാശാല നേരിട്ടു നടത്തുന്ന മാനേജ്മെന്റ് പഠന സ്ഥാപനമാണിത്. ഗുരുതരമായ വീഴ്ച വരുത്തിയ പ്രിൻസിപ്പൽ, പരീക്ഷാ ചീഫ് സൂപ്രണ്ട് എന്നിവരെ വിളിച്ചുവരുത്തി വിശദീകരണം തേടിയശേഷം ശക്തമായ അച്ചടക്ക നടപടിയെടുക്കാൻ സിൻഡിക്കേറ്ര് തീരുമാനിച്ചു. ഉത്തരക്കടലാസുകൾ സർവകലാശാലയിലെത്തിച്ചെങ്കിലും ഇവ മൂല്യനിർണയം നടത്തേണ്ടെന്നും പുനഃപരീക്ഷ നടത്താനും സിൻഡിക്കേറ്റ് തീരുമാനിച്ചു. ഉത്തരക്കടലാസുകൾ യഥാസമയം പരീക്ഷാ സെന്ററുകളിൽ നിന്ന് കൈപ്പ​റ്റേണ്ട ഉത്തരവാദിത്വം സർവകലാശാല നിർവഹിച്ചില്ലെന്ന് സേവ് യൂണിവേഴ്‌സി​റ്റി കാമ്പെയിൻ കമ്മി​റ്റി കുറ്റപ്പെടുത്തി. പരീക്ഷയിൽ വീഴ്ച വരുത്തുകയും വിദ്യാർത്ഥികളുടേതല്ലാത്ത കു​റ്റതിന് അവരെ ബലിയാടാക്കുകയും ചെയ്ത സർവകലാശാലാ അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചാൻസലറായ ഗവർണർക്ക് സേവ് യൂണിവേഴ്‌സി​റ്റി കാമ്പെയിൻ കമ്മി​റ്റി നിവേദനം നൽകി.