building

വെഞ്ഞാറമൂട്: മാണിക്കൽ പ്രാഥമികാരോഗ്യകേന്ദ്രം ഇനി മുതൽ കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നു. സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായാണ് കോലിയക്കോട് സ്ഥിതി ചെയ്യുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നത്. നിലവിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഒ.പി രാവിലെ 9 മുതൽ 2 വരെയാണ് പ്രവർത്തിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നതോടെ ഒ. പിയുടെ സമയം രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാകും. കൂടാതെ ആശുപത്രിയിൽ ലബോറട്ടറി സംവിധാനവുമുണ്ടാകും. ജീവിതശൈലി ക്ലീനിക്, വയോജന ക്ലീനിക്, മാനസികാരോഗ്യ ക്ലിനിക്, നേത്ര പരിശോധന എന്നിവയും ഓരോ ദിവസവുമുണ്ടാകും. ഇതിന് പുറമേ ഭിന്നശേഷിക്കാർക്കായുള്ള സൗകര്യങ്ങളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ പൂർണമായും ഇ ഹെൽത്ത് സേവനവും ആശുപത്രിയിൽ നടപ്പിലാക്കും. പഞ്ചായത്തിലെ മുഴുവൻ പേർക്കും യു.എച്ച്.ഐ.ഡി കാർഡ് സൗകര്യവും ഏർപ്പെടുത്തും.

എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷത്തിന് പുറമേ ആർദ്രം പദ്ധതിയുടെ 27 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടിൽ നിന്നും 26 ലക്ഷവും മുടക്കിയാണ് കുടുംബാരോഗ്യ കേന്ദ്രം നിർമ്മിച്ചത്. 19ന് വൈകിട്ട് 3ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യും. സി. ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷനാകും.