തിരുവനന്തപുരം: ഒ.എൻ.വി പുരസ്കാരം സ്വീകരിക്കാനെത്തിയ കഥയുടെ രാജശില്പി 'ഗൗരി' എന്ന തന്റെ വിഖ്യാത കഥയുടെ പശ്ചാത്തലം ഓർമ്മിപ്പിച്ചത് അസുലഭ അനുഭവമായി.
'പ്രണയത്തിന്റെ അധരസിന്ദൂരം കൊണ്ടെഴുതിയ കഥ' എന്ന് കെ.പി.അപ്പൻ വിശേഷിപ്പിച്ച 'ഗൗരി'യുടെ പശ്ചാത്തലമായ കാര്യവട്ടം കാമ്പസിലായിരുന്നു ചടങ്ങ്. ''ഈ ഗൗരിയെ ഞാൻ അതിനു മുമ്പു കാണുകയും സംസാരിക്കുകയും ചെയ്തിട്ടുള്ളതാണ്. പക്ഷേ, ആദ്യമായി അവരുടെ കൈപിടിച്ചത് ഈ കാമ്പസിൽ വച്ചാണ്. കഥയിൽ തന്നെ പറയുന്നപോലെ രണ്ടു പേരും യുവാക്കളല്ല, മദ്ധ്യവയസ്കരുമല്ല''- സദസ് നിറഞ്ഞ കൈയടിയോടെയാണ് കഥാകാരന്റെ വാക്കുകൾ സ്വീകരിച്ചത്.
കഥയിലെ ഗൗരിയുടെ വാചകങ്ങൾ ഗൗരി സംസാരിച്ചതാണ്. സത്യത്തിൽ യാതൊരു തരത്തിലുള്ള ഇടപെടലുകളും ഇല്ലാതെ അവളുടെ കത്തിൽ നിന്ന് അങ്ങനെ തന്നെ പകർത്തിയതാണ്.
ഒരുപക്ഷേ, അവർ ഇതു കേൾക്കുന്നുണ്ടാകാം. അവർ ഇന്ത്യയിലല്ല. ഇപ്പോൾ നമ്മൾ തമ്മിൽ കാണാതെ 30 വർഷത്തോളമായി. മിക്ക ദിവസവും വിളിക്കാറുണ്ട്. കാര്യവട്ടത്തു വരുമ്പോൾ ഇതുകൂടി പറഞ്ഞില്ലെങ്കിൽ ഗൗരിയോടുള്ള അപരാധമായിപ്പോകും- പദ്മനാഭൻ പറഞ്ഞു.
ഒ.എൻ.വിയെ കുറിച്ച് പറയുമ്പോൾ ഒരു കടപ്പാടിന്റെ കഥ പറയാം. വർഷങ്ങൾക്കു മുമ്പ് ഞാൻ തിരുവനന്തപുരത്ത് ചികിത്സയിൽ കഴിഞ്ഞ 30 നാളുകളിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണി എല്ലാ ദിവസവും രാവിലെയും വൈകിട്ടും സി.പി.ഐ നേതാവ് ആശാനെന്ന കെ.വി.സുരേന്ദ്രനാഥും വരുമായിരുന്നു. രണ്ടുനാളിലൊരിക്കൽ ഒ.എൻ.വിയും. ഈ അനുഭവം രോഗിയായിരുന്ന എനിക്ക് വളരെ സന്തോഷം നൽകിയിരുന്നു.
ഇന്നലെ ഒ.എൻ.വിയുടെ പത്നി സരോജിനി ടീച്ചറെ കാണാൻ ചെന്നു. ഒ.എൻ.വി ജീവിച്ചിരുന്നപ്പോൾ രണ്ടു തവണ 'ഇന്ദീവര'ത്തിൽ പോയിട്ടുണ്ട്. അന്ന് ചുരുക്കം ചില വാക്കുകളേ ടീച്ചറുമായി സംസാരിച്ചുള്ളു. 2017ൽ ഞാനെഴുതിയ 'മരയ' എന്ന കഥ
ധാരാളം പേർ വായിച്ച് കത്തയച്ചിരുന്നു. അതിൽ ഞാൻ ഏറ്റവും വിലമതിക്കുന്നത് സരോജിനി ടീച്ചർ എഴുതിയ കത്താണ്. ആ കഥയുടെ മർമ്മത്തെ സ്പർശിക്കുന്ന ആ കഥയിലെ സ്നേഹത്തെക്കുറിച്ച്, അതു വായിക്കുമ്പോൾ യൗവനത്തിന്റെ ഉന്മാദം ഉണ്ടാകുന്നതിനെക്കുറിച്ച്, അതായിരുന്നു കത്തിലെ ഉള്ളടക്കം. ഞാനൊരു മറുപടിയും അയച്ചു. അതുകൊണ്ടണ് കണ്ണൂരിൽ നിന്നു വരുമ്പോൾ തന്നെ കാണണം എന്നുറപ്പിച്ചത്. ആ കത്ത് അമൂല്യമായ നിധിയാണ്- പദ്മനാഭൻ പറഞ്ഞു.