തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നടത്താനുള്ള അഖിലേന്ത്യാ നേതൃത്വത്തിന്റെ നീക്കത്തിന് സംസ്ഥാന കോൺഗ്രസ് നേതൃത്വം തടയിട്ടെങ്കിലും, എം.എൽ.എമാരായ ഷാഫി പറമ്പിലിനെയും കെ.എസ്. ശബരിനാഥനെയും സമവായത്തിലൂടെ പ്രധാന പദവികളിൽ പ്രതിഷ്ഠിക്കാനുള്ള ഗ്രൂപ്പ് നേതൃത്വങ്ങളുടെ നീക്കം സംഘടനയിൽ അസ്വസ്ഥത വിതയ്ക്കുന്നു.
ഷാഫി പറമ്പിലിനെ സംസ്ഥാന പ്രസിഡന്റായും ശബരിനാഥനെ സംസ്ഥാന വൈസ് പ്രസിഡന്റോ അഖിലേന്ത്യാ ജനറൽസെക്രട്ടറിയോ ആയും നിയോഗിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന എ, ഐ ഗ്രൂപ്പ് യോഗങ്ങൾ ധാരണയുണ്ടാക്കിയിരുന്നു. ഇതിനെതിരെ ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നൽകി. കെ.പി.സി.സി പുന:സംഘടനയിൽ ജനപ്രതിനിധികളെ ഒഴിവാക്കണമെന്ന നിലപാടുള്ള മുല്ലപ്പള്ളി, യൂത്ത് കോൺഗ്രസിന്റെ കാര്യത്തിലും സമാനനിലപാടിലാണെന്നാണ് വിവരം. പരാതി ഹൈക്കമാൻഡിന് കൈമാറുമെന്ന് മുല്ലപ്പള്ളി അവരെ അറിയിച്ചു.അഖിലേന്ത്യാ നേതൃത്വം ഏതാനും ദിവസങ്ങൾക്ക് മുമ്പ് തയ്യാറാക്കി അയച്ച സാദ്ധ്യതാപട്ടികയിലുണ്ടായിരുന്ന ഹൈബി ഈഡൻ എം.പി, പ്രവർത്തകരുടെ വികാരം മാനിച്ച് പിന്മാറാൻ തയ്യാറായിരിക്കെയാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ നീക്കമെന്ന ആക്ഷേപമാണ് പരാതിക്കാർ ഉന്നയിക്കുന്നത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ മണക്കാട് രാജേഷ്, അജിത് അമീർ ബാവ, എം. ഷിറാസ്ഖാൻ എന്നിവരുടെ നേതൃത്വത്തിലാണ് മുല്ലപ്പള്ളിയെ കണ്ടത്. കേരളത്തിലെ പൊതുസാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് ഉചിതമല്ലെന്ന കെ.പി.സി.സിയുടെയും മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും നിലപാടിനോട് യോജിച്ചവരാണ് തങ്ങൾ. കെ.പി.സി.സി പുന:സംഘടനയുമായി ബന്ധപ്പെട്ട് എം.പിമാരും എം.എൽ.എമാരും പാർട്ടി സ്ഥാനങ്ങൾ വഹിക്കാതെ മണ്ഡലങ്ങളിൽ ശ്രദ്ധിക്കണമെന്ന് മുല്ലപ്പള്ളിയും ഉമ്മൻചാണ്ടിയും എടുത്ത നിലപാടുകൾ പ്രശംസനീയമാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിന് നിർണ്ണായകമാണെന്ന് പോലും മനസ്സിലാക്കാതെ ജനപ്രതിനിധികൾക്ക് മുഴുവൻ സമയവും പാർട്ടി പ്രവർത്തനത്തിനായി മാറ്റിവയ്ക്കേണ്ട സ്ഥാനങ്ങൾ നൽകുന്നത് സംഘടനയ്ക്കും പാർട്ടിക്കും ഗുണകരമാകില്ല. യൂത്ത് കോൺഗ്രസിൽ ജനപ്രതിനിധികൾക്ക് വരാമെങ്കിൽ എന്തുകൊണ്ട് കെ.പി.സി.സിയിലായിക്കൂടാ എന്ന ചോദ്യമുയരുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.