തിരുവനന്തപുരം: ദുബായിൽ നിന്ന് സ്വർണം കടത്തിയതിന് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) പിടികൂടിയ വഞ്ചിയൂർ സ്റ്റേഷനിലെ ക്രൈം എസ്.ഐ എ.എം. സഫീറിനെ സസ്‌പെൻഡ് ചെയ്‌തു. ഡി.ആർ.ഐയുടെയും പ്രാഥമികാന്വേഷണം നടത്തിയ ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഐശ്വര്യ ദോംഗ്രെയുടെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ദുബായിൽ നിന്ന് വനിതാ സുഹൃത്തിനൊപ്പം വിമാനത്തിലെത്തിയ സഫീർ പഴ്സിൽ ഒളിപ്പിച്ചാണ് രണ്ട് കിലോ സ്വർണം കടത്താൻ ശ്രമിച്ചത്. ഒപ്പമുണ്ടായിരുന്ന കഴക്കൂട്ടം സ്വദേശി സിമി പ്രജിയെയും ഡി.ആർ.ഐ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ നിന്ന് പിടിച്ചെടുത്ത 80 ലക്ഷം രൂപയുടെ രണ്ടുകിലോ സ്വർണം സർക്കാർ കണ്ടുകെട്ടും. എസ്.ഐക്കെതിരെ ഉടൻ കുറ്റപത്രം നൽകുമെന്നും ഡി.ആർ.ഐ അറിയിച്ചു.
തിങ്കളാഴ്‌ച പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന എമിറേറ്റ്സ് വിമാനത്തിൽ സ്വർണം കടത്തുകയാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് ഇവരുടെ സീറ്രിനടിയിൽ നിന്ന് സ്വർണം പിടിച്ചെടുത്തത്. സഫീർ സ്വർണക്കടത്ത് സംഘത്തിന്റെ കാരിയറാണെന്ന് ഡി.ആർ.ഐ പറഞ്ഞു. വിമാനത്താവളത്തിലെ കാമറകളില്ലാത്ത ഭാഗം കേന്ദ്രീകരിച്ചാണ് ഇടപാടുകൾ നടക്കുന്നത്.
സ്വർണം പുറത്തേക്ക് കടത്താൻ സഹായിക്കുന്ന വിമാനത്താവളത്തിലെ ഏതാനും ജീവനക്കാരും ഡി.ആർ.ഐയുടെ നിരീക്ഷണത്തിലാണ്. സഫീറിന് ദുബായിൽ നിന്ന് സ്വർണം കൊടുത്തുവിട്ടവരെക്കുറിച്ചും തിരുവനന്തപുരത്ത് സ്വർണം ഏറ്റുവാങ്ങാനെത്തിയവരെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡി.ആർ.ഐ പറഞ്ഞു. സഫീർ പിടിയിലായതറിഞ്ഞ് ഇവരെല്ലാം മുങ്ങി. ഡി.ആർ.ഐയുടെ യു.എ.ഇയിലെ ഉദ്യോഗസ്ഥർ ദുബായിൽ അന്വേഷണം നടത്തുന്നുണ്ട്. സഫീറിന്റെയും സിമിയുടെയും ഫോൺ കാളുകൾ, ഇ - മെയിൽ സന്ദേശങ്ങൾ എന്നിവയും ഡി.ആർ.ഐ പരിശോധിക്കുന്നുണ്ട്.