secretariate-

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷനിൽ എ, ഐ വിഭാഗക്കാർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. ഇന്നലെ ഉച്ചയ്ക്ക് അസോസിയേഷന്റെ വനിതാ വിഭാഗമായ വനിതാവേദി സംഘടിപ്പിച്ച രുചി ഫെസ്റ്റിനിടെയാണ് പരസ്പരം തർക്കിച്ച പുരുഷകേസരികൾ ഒടുവിൽ കൈയാങ്കളിയിലേക്ക് നീങ്ങിയത്. ഷാഫി പറമ്പിൽ എം.എൽ.എ, എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പത്നി മറിയാമ്മ ഉമ്മൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു തർക്കമാരംഭിച്ചത്. രുചി ഫെസ്റ്റിന്റെ ഉദ്ഘാടനസമ്മേളനം കഴിഞ്ഞ് മൂന്ന് പേരും മടങ്ങിയതിന് പിന്നാലെ കൂട്ടയടിയായി.

കന്റോൺമെന്റ് പൊലീസ് സ്റ്റേഷന് സമീപത്തുള്ള യാക്കോബായ ചർച്ച് ഹാളിലാണ് ക്രിസ്മസിനോടനുബന്ധിച്ചുള്ള രുചി ഫെസ്റ്റ് സെക്രട്ടേറിയറ്റ് അസോസിയേഷന്റെ വനിതാവേദി സംഘടിപ്പിച്ചത്. പരിപാടിയിലേക്ക് അതിഥികളെ ക്ഷണിച്ചതിനെ ചൊല്ലിയായിരിന്നു തർക്കം. എ ഗ്രൂപ്പ് ആധിപത്യത്തിന് ശ്രമിച്ചെന്നായിരുന്നു ഐ ഗ്രൂപ്പിന്റെ പരാതി. ഉദ്ഘാടനച്ചടങ്ങ് നടക്കുന്നതിനിടെ ചെറിയ തോതിലുള്ള പോർവിളികൾ ആരംഭിച്ചിരുന്നു. അതിഥികളെ ചൊല്ലി തുടങ്ങിയ തർക്കം പിന്നീട് സംഘടനയുടെ വാർഷിക കണക്കിലേക്കും നീങ്ങി. ഇതോടെ പോര് രൂക്ഷമായി. ഒടുവിൽ മുതിർന്ന നേതാക്കളിടപെട്ടാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്.