തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി ബിൽ മതേതര രാജ്യമായ ഇന്ത്യയ്ക്ക് ഭൂഷണമല്ലെന്ന് ലത്തീൻ തിരുവനന്തപുരം അതിരൂപതാ ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനാധിപത്യ മതേതര രാഷ്ട്രത്തിൽ ആരോടെങ്കിലും വിഭാഗീയത കാണിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഭരണഘടനാ വിരുദ്ധമായും മതേതരത്വ മൂല്യങ്ങൾ ധ്വംസിക്കുന്നതുമായ ഭേദഗതിയാണിത്. ഭൂരിപക്ഷത്തിന്റെ പേരിൽ എന്തും കാണിക്കാമെന്ന ധ്വനി ആശങ്കയുണ്ടാക്കുന്നു. ബില്ലിനെതിരെ സഭാംഗങ്ങളും പൊതുജനപ്രക്ഷോഭത്തിന്റെ ഭാഗമായി രംഗത്തുണ്ട്. ബില്ലിനെതിരേയുള്ള സഭയുടെ വിയോജിപ്പ് അറിയിക്കണമെന്ന് തോന്നുമ്പോൾ കേന്ദ്ര സർക്കാരിനെ അറിയിക്കും.
ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്കത്തിൽ പക്ഷം പിടിക്കാതെ പരിഹാരം കാണാനുള്ള ശ്രമമാണ് മറ്റു ക്രൈസ്തവ സഭകൾ ശ്രമിക്കുന്നത്. വിധിയിൽ ഉറച്ചുനിന്ന് യോജിക്കണമെന്ന നിലപാടാണ് ഒരുകൂട്ടർ സ്വീകരിച്ചിരിക്കുന്നത്. പള്ളികളിലെ ഭൂരിപക്ഷമുള്ള തങ്ങളെ പുറത്താക്കുന്നുവെന്ന പരാതിയാണ് മറുപക്ഷത്തിനുള്ളത്. സ്വമനസാലേ ഇരുകൂട്ടരും ഒരുമിച്ച് വന്ന് ക്രിസ്തീയമായ പരിഹാരത്തിന് ശ്രമിക്കണമെന്നാണ് മദ്ധ്യസ്ഥസ്ഥാനത്തുള്ള തങ്ങൾ ആവശ്യപ്പട്ടത്.
സിസ്റ്റർ ലൂസി കളപ്പുരയുടെ പുസ്തകം താൻ വായിച്ചിട്ടില്ല. ഇന്നത്തെ അവരുടെ മാനസികാവസ്ഥയിൽ എഴുതിയതാകാം പുസ്തകം. ഏതൊരു സമൂഹത്തിലുമുള്ളതുപോലുള്ള പാളിച്ചകൾ സഭാ സമൂഹത്തിലും ഉണ്ടാകാം. അതെല്ലാം ഒറ്റപ്പെട്ട സംഭവമാണ്. അത്തരം കാര്യങ്ങളെ സഭയെ താറടിച്ചു കാട്ടാൻ ഉപയോഗിക്കരുതായിരുന്നുവെന്നും സൂസപാക്യം പറഞ്ഞു.