ചിറയിൻകീഴ്: ശിവഗിരി തീർത്ഥാടനത്തിനു മുന്നോടിയായി ചിറയിൻകീഴ് നിന്നു നടത്തുന്ന തീർത്ഥാടന വിളംബര പദയാത്രയുടെ ഭാഗമായുള്ള പീതാംബര ദീക്ഷ ചടങ്ങുകളുടെ ഉദ്ഘാടനം ശാർക്കര ഗുരുക്ഷേത്ര മണ്ഡപത്തിൽ സ്വാമി പരാനന്ദ നിർവഹിച്ചു. ഗുരുക്ഷേത്ര മുഖ മണ്ഡപത്തിൽ സ്വാമി പരാനന്ദയുടെ കാർമികത്വത്തിൽ ഗുരുപൂജയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഭദ്രദീപ പ്രകാശനത്തിനു ശേഷം എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തന് ആദ്യ പീതാംബര ദീക്ഷയണിയിച്ചു. ഗുരുക്ഷേത്രസമിതി പ്രസിഡന്റ് ഡോ.ബി.സീരപാണി അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഡി.വിപിൻരാജ്, യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, വനിതാ സംഘം യൂണിയൻ ഭാരവാഹികളായ ജലജ, സലിത, ലതിക പ്രകാശ്, വത്സല പുതുക്കരി, യൂണിയൻ കൗൺസിലർമാരായ സി.കൃത്തി ദാസ്, ഡി.ചിത്രാംഗദൻ, എസ്.സുന്ദരേശൻ, ജി.ജയചന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ ഗോപിക, എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ മണിച്ചൻ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ സന്തോഷ് പുതുക്കരി, പുഞ്ചിരി പ്രകാശ്, ബൈജു തോന്നയ്ക്കൽ,ഗുരുക്ഷേത്രസമിതി ജോയിന്റ് സെക്രട്ടറി എസ്.പ്രശാന്തൻ എന്നിവർ സംസാരിച്ചു. ഡോ.ബി.സീരപാണി ശിവഗിരി തീർത്ഥാടന ലക്ഷ്യങ്ങളെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. 25ന് രാവിലെ 8ന് ശാർക്കര ഗുരുക്ഷേത്ര സന്നിധിയിൽ നിന്നു ശിവഗിരിയിലേക്കുള്ള പ്രഥമ തീർത്ഥാടന വിളംബര പദയാത്ര ആരംഭിക്കും. ഗുരുദേവ വിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥയാത്രയിൽ പീതവസ്ത്രധാരികളായ 1001 വിശ്വാസികൾ പങ്കെടുക്കും. ചിറയിൻകീഴ് വലിയകട ജംഗ്ഷൻ വഴി കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, നെടുങ്ങണ്ട ഒന്നാം പാലം വഴി വൈകിട്ടോടെ ശിവഗിരി മഹാസമാധിയങ്കണത്തിൽ സമൂഹ പ്രാർത്ഥനയോടെ സമാപിക്കും.വിളംബര പദയാത്രയിൽ പങ്കെടുക്കേണ്ടവർ നാളെ രാത്രി 8 മണിവരെ ശാർക്കര ഗുരുക്ഷേത്ര മണ്ഡപത്തിലെത്തി മുഖ്യ പൂജാരിയിൽ നിന്നു പീതാംബര ദീക്ഷ സ്വീകരിക്കണമെന്ന് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി അറിയിച്ചു. ഫോൺ: 9447044220.