arrest-rajesh

വർക്കല: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിൽ മനംനൊന്ത് വർക്കല സ്വദേശിയായ പെൺകുട്ടി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ യുവാവിനെ അറസ്റ്റുചെയ്‌തു. പരവൂർ പെരുമ്പുഴ മരുതുവിളവീട്ടിൽ രാജേഷാണ് (29) പിടിയിലായത്. 2018 ഡിസംബറിൽ വർക്കലയിൽവച്ച് പരിചയപ്പെട്ട 17കാരിക്ക് ഇയാൾ ഫോൺവാങ്ങി നൽകിയ ശേഷം ബന്ധുക്കൾ വഴി വിവാഹാലോചന നടത്തി. ഇതിനുശേഷം കൊല്ലം ബീച്ച്, കൊട്ടിയം, മൈലക്കാട്, വർക്കലയിലെ പെൺകുട്ടിയുടെ ബന്ധുവീട് എന്നിവിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിനുശേഷം യുവാവ് ഒഴിവാക്കാൻ ശ്രമിച്ചതിൽ മനംനൊന്താണ് പെൺകുട്ടി തൂങ്ങിമരിച്ചതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. കൊട്ടിയത്ത് വർക്ക്ഷോപ്പ് നടത്തി വരികയായിരുന്ന ഇയാളെ കൊട്ടിയത്തെ വാടകവീട്ടിൽ നിന്നുമാണ് അറസ്റ്റുചെയ്‌തത്. പെൺകുട്ടി മരിച്ചതറിഞ്ഞ് മംഗലാപുരത്തേക്ക് ഒളിവിൽ പോയ രാജേഷ് പൊലീസ് അന്വേഷിക്കുന്നില്ലെന്ന ധാരണയിൽ പരവൂരിലെ വീട്ടിലെത്തിയിരുന്നു. സമാന കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. വർക്കല സി.ഐ ജി. ഗോപകുമാർ, ഗ്രേഡ് എസ്.ഐ സുനിൽകുമാർ, എസ്.സി.പി.ഒ സെബാസ്റ്റ്യൻ, സി.പി.ഒ ഹരീഷ് എന്നിവർ ഉൾപെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്സോ നിയമ പ്രകാരം കേസെടുത്ത പ്രതിയെ റിമാൻഡ് ചെയ്‌തു.

ഫോട്ടോ: അറസ്റ്റിലായ രാജേഷ്.