നെയ്യാറ്റിൻകര: സഹകരണ സംഘങ്ങളിൽ നിന്ന് വായ്‌പ ലഭ്യമാക്കിയശേഷം തിരിച്ചടയ്‌ക്കാൻ നൽകിയ പണം തട്ടിയെടുത്തെന്ന പരാതിയിൽ രണ്ടുപേരെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റുചെയ്‌തു. വെൺപകൽ സ്വദേശി മല്ലിക, കരുമം സ്വദേശി മനോജ് എന്നിവരെയാണ് നെയ്യാറ്റിൻകര സി.ഐ ജെ. പ്രമോദ് അറസ്റ്റുചെയ്‌തത്. വെൺപകൽ സ്വദേശിയായ നിർമ്മലയുടെ പരാതിയിലാണ് കേസെടുത്തത്. നിരവധിപേർക്ക് പരാതിയുണ്ടെന്നും തുടർ നടപടിയുണ്ടാകുമെന്നും സി.ഐ അറിയിച്ചു. റേഷൻകാർഡും തിരിച്ചറിയൽ കാർഡും വാങ്ങിയ ശേഷം സഹകരണ സംഘങ്ങളിൽ നൽകി പരസ്‌പര വായ്പയും വ്യാവസായിക കാർഷിക വായ്‌പകളും വാങ്ങിക്കൊടുത്ത ശേഷമാണ് പണം തട്ടിയത്. വായ്‌പ തിരിച്ചടയ്‌ക്കാനുള്ള തുക അംഗങ്ങളിൽ നിന്നു പിരിച്ചെടുത്തെങ്കിലും പല സംഘങ്ങളിലും തുക അടച്ചിരുന്നില്ല. സഹകരണ സ്ഥാപനങ്ങളിൽ നിന്നും ജപ്‌തി നോട്ടീസുകൾ വന്നപ്പോഴാണ് തട്ടിപ്പിനിരയായവർ പരാതി നൽകിയത്.