വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 107 റൺസ് വിജയം , ഇന്ത്യ 387/5, വിൻഡീസ് 280
രോഹിത് ശർമ്മയ്ക്കും (159), ലോകേഷ് രാഹുലിനും (102) സെഞ്ച്വറി, ശ്രേയസ് അയ്യർക്ക് (53) അർദ്ധ സെഞ്ച്വറി,കുൽദീപിന് ഹാട്രിക്
വിശാഖപട്ടണം : ആദ്യ ഏകദിനത്തിൽ തോറ്റതിന് കിടിലൻ മറുപടി നൽകി വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 107 റൺസിന്റെ തകർപ്പൻ വിജയം. ഇതോടെ 1-1ന് സമനിലയിലായ പരമ്പരയിൽ ഞായറാഴ്ച കട്ടക്കിൽ നടക്കുന്ന മൂന്നാം ഏകദിനം നിർണായകമായി.
ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങി സെഞ്ച്വറികൾ നേടിയ ഒാപ്പണർമാരായ രോഹിത് ശർമ്മയുടെയും (159) ലോകേഷ് രാഹുലിന്റെയും (102), അർദ്ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരുടെയും മികവിൽ ഇന്ത്യ 387/5 എന്ന കൂറ്റൻ സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ വിൻഡീസിനെ 43.3 ഒാവറിൽ 280 റൺസിൽ ആൾ ഒൗട്ടാക്കിയാണ് ഇന്ത്യ വിജയമാഘോഷിച്ചത്. ഹാട്രിക് നേടിയ സ്പിന്നർ കുൽദീപ് യാദവും മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസർ ഷമിയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജഡേജയും ഇന്ത്യൻ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചു.
പരമ്പര കൈവിട്ടുപോകാതിരിക്കാൻ വിജയിച്ചേ മതിയാകൂ എന്ന വാശിയോടെ ഇറങ്ങിയ ഇന്ത്യയ്ക്കുവേണ്ടി മുൻനിര ബാറ്റ്സ്മാൻമാർ നടത്തിയ സിംഹ ഗർജനമാണ് കൂറ്റൻ സ്കോറിലേക്ക് വഴിതുറന്നത്. ഒാപ്പണിംഗ് വിക്കറ്റിൽ സെഞ്ച്വറികൾ നേടിയ രോഹിത് ശർമ്മയും ), കെ.എൽ. രാഹുലും കുറിച്ച 227 റൺസ് ഇന്ത്യൻ ഇന്നിംഗ്സിന്റെ അടിത്തറയായി. തുടർന്നിറങ്ങിയ നായകൻ കൊഹ്ലി ഗോൾഡൻ ഡക്കായെങ്കിലും യുവതാരങ്ങളായ ശ്രേയസ് അയ്യരുടെയും (53), ഋഷഭ് പന്തിന്റ(39)യും അതിവേഗ സ്കോറിംഗ് ഗംഭീര സ്കോറിലേക്കുള്ള വാതിൽ തുറന്നു.
രാ-രോ, സൂപ്പർ ഹിറ്റ്
ഏറെ നാളായി ഇടം കൈയൻ ശിഖർ ധവാനൊപ്പം ഇന്നിംഗ്സ് തുറന്നിരുന്ന രോഹിത് ശർമ്മ വലം കൈയനായ രാഹുലിനൊപ്പവും മികച്ച പാർട് ണർഷിപ്പുണ്ടാക്കാൻ കഴിയുമെന്ന് തെളിയിക്കുകയായിരുന്നു വിശാഖപട്ടണത്ത്. ആൾ റൗണ്ടർ ശിവംദുബെയെ ഒഴിവാക്കി പേസർ ശാർദ്ദൂൽ താക്കൂറിനെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇന്നലെ കളിക്കാനിറങ്ങിയത്. ആദ്യ ഒാവറുകളിൽ വിൻഡീസ് ബൗളർമാരെ ശ്രദ്ധയോടെയാണ് ഇരുവരും നേരിട്ടത്. മൂന്നാം ഒാവറിൽ കോട്ടെറെല്ലിനെതിരെ രോഹിത് മത്സരത്തിലെ ആദ്യ ബൗണ്ടറി പായിച്ചു. ഇതേ ഒാവറിൽ രാഹുലും ബൗണ്ടറി വേട്ടയ്ക്ക് തുടക്കമിട്ടു. ആദ്യ അഞ്ചോവറിൽ 27 റൺസായിരുന്നു ഇന്ത്യ നേടിയിരുന്നത്. ആറാം ഒാവറിൽ ഹോൾഡറിനെതിരെ രാഹുൽ ആദ്യ സിക്സ് പായിച്ചു. പത്താംഒാവറിൽ പിയറിയെയും രാഹുൽ ഗാലറി കാണിച്ചു. ആദ്യ പത്തോവറിൽ 55 റൺസായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. 13-ാം ഒാവറിൽ ബൗളിംഗ് ചേഞ്ചിനെത്തിയ അൽസാരി ജോഫസിനെതിരെയായിരുന്നു രോഹിതിന്റെ ആദ്യസിക്സ്. 16-ാം ഒാവറിൽ രാഹുൽ നേരിട്ട 46-ാമത്തെ പന്തിൽ അർദ്ധ സെഞ്ച്വറിതികച്ചു. 22-ാം ഒാവറിലാണ് രോഹിത് അർദ്ധ സെഞ്ച്വറിയിലെത്തിയത്. തുടർന്ന് ഇരുവരും സ്കോറിംഗ് വേഗം കൂട്ടി. 25 ഒാവറുകൾ പിന്നിടുമ്പോൾ ഇന്ത്യ 145 റൺസിലെത്തിയിരുന്നു.
28-ാം ഒാവറിൽ വ്യക്തിഗത സ്കോർ 70 ൽ നിൽക്കെ രോഹിതിന്റെ ക്യാച്ച് ഹോൾഡർ കൈവിട്ടു. 34-ാം ഒാവറിൽ രാഹുൽ സെഞ്ച്വറിയിലെത്തുകയും ഇന്ത്യ 200 കടക്കുകയും ചെയ്തു. 37-ാം ഒാവറിലാണ് വിൻഡീസിന് ആദ്യവിക്കറ്റ് വീഴ്ത്താനായത്. അൽസാരി ജോസഫിനെ തേഡ് മാനിലേക്ക് എഡ്ജ് ചെയ്തുവിട്ട രാഹുലിനെ ചേസ് കൈയിലൊതുക്കുകയായിരുന്നു. 104 പന്തുകൾ നേരിട്ട രാഹുൽ എട്ട് ഫോറും മൂന്ന് സിക്സും പായിച്ചു.
കൊഹ്ലി , ഗോൾഡൻ ഡക്ക്
കഴിഞ്ഞ മത്സരത്തിൽ നാല് റൺസ് മാത്രം നേടിയിരുന്ന ഇന്ത്യൻ ക്യാപ്ടൻ കൊഹ്ലിക്ക് ഇന്നലെ റൺസെടുക്കാനേ കഴിഞ്ഞില്ല. നേരിട്ട ആദ്യപന്തിൽ കൊഹ്ലി ചേസിന് ക്യാച്ച് സമ്മാനിക്കുകയായിരുന്നു. വിൻഡീസ് ക്യാപ്ടൻ പൊള്ളാഡിനായിരുന്നു ഇന്ത്യൻ ക്യാപ്ടന്റെ വിക്കറ്റ്.
തുടർന്ന് ശ്രേയസ് അയ്യർ ക്രീസിലേക്കെത്തി. 34-ാം ഒാവറിൽ നേരിട്ട് 108 മത്തെ പന്തിൽ രോഹിത് സെഞ്ച്വറിയിലെത്തി. രോഹിതാണ് ഇന്ത്യൻ ഇന്നിംഗ്സിൽ ആദ്യം സെഞ്ച്വറിയിലെത്തിയത്. 40-ഒാവറുകൾ പിന്നിടുമ്പോൾ 260/2 എന്ന നിലയിലായിരുന്നു ഇന്ത്യ. അയ്യർക്കൊപ്പം തകർത്തുവീശുമ്പോഴാണ് 44-ാം ഒാവറിൽ രോഹിത് പുറത്താകുന്നത്. 138 പന്തുകൾ നേരിട്ട് 17 ബൗണ്ടറികളും അഞ്ച് സിക്സുകളും പായിച്ച രോഹിതിനെ കോട്ടെറെൽ വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിന്റെ കൈയിലെത്തിക്കുകയായിരുന്നു.
യുവവേഗം
തുടർന്ന് ക്രീസിലേക്കെത്തിയ ഋഷഭ് പന്ത് അയ്യർക്കൊപ്പം ചേർന്ന് കണ്ണും പൂട്ടി വീശാൻ തുടങ്ങി. 45-ാം ഒാവറിൽ അൽസാരി ജോസഫിനെ രണ്ട് സിക്സ് പറത്തിയ പന്ത് അടുത്ത ഒാവറിൽ കോട്ടെറെലിനെതിരെ മൂന്ന് ഫോറും രണ്ട്സിക്സുമടക്കം നേടിയത് 24 റൺസ് 47-ാം ഒാവറിൽ അയ്യരുടെ വക വെടിക്കെട്ട്. ചേസിനെ നാല് സിക്സും ഒരു ഫോറുമാണ് പറത്തിയത്. അടുത്ത ഒാവറിൽ പന്ത് ഉയർത്തിയടിച്ച് ക്യാച്ച് നൽകി മടങ്ങി. 16 പന്തുകൾ നേരിട്ട ഋഷഭ് മൂന്ന് ഫോറും നാല് സിക്സും പറത്തി. പിന്നാലെ ശ്രേയസ് അർദ്ധസെഞ്ച്വറിയിലെത്തി.
49-ാം ഒാവറിലാണ് ശ്രേയസ് പുറത്തായത്. കോട്ടെറെല്ലിന്റെ പന്തിൽ കീപ്പർ ക്യാച്ച് നൽകുകയായിരുന്നു. അവസാന ഒാവറിൽ മൂന്ന് ബൗണ്ടറികൾ പായിച്ചാണ് കേദാർ (16) ടീം സ്കോർ 387 ലെത്തിച്ചത്.
മറുപടി
മറുപടിക്കിറങ്ങിയ വിൻഡീസിനായി എവിൻ ലെവിസും (30) ഷായ് ഹോപ്പും ചേർന്ന് നന്നായി തുടങ്ങിയെങ്കിലും 20 ഒാവർ പൂർത്തിയാക്കുന്നതിന് മുൻപ് മൂന്ന് വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യയ്ക്കായി. ലെവിസിനെ 11-ാം ഒാവറിൽ ശ്രേയസിന്റെ കൈയിലെത്തിച്ച് ശാർദ്ദൂൽ താക്കൂറാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. 14-ാം ഒാവറിൽ ശ്രേയസും ജഡേജയും ചേർന്ന് ഹെട്മേയറെ (4) റൺ ഒൗട്ടാക്കിയത് വലിയ വഴിത്തിരിവായി. 16-ാം ഒാവറിൽ ജഡേജ റോസ്ടൺ ചേസിനെ (4) ക്ളീൻ ബൗൾഡാക്കുകയും ചെയ്തതോടെ വിൻഡീസ് 86/3 എന്ന നിലയിലായി.
വിൻഡീസിന്റെ ഹോപ്പ്
17-ാം ഒാവറിൽ ഷായ് ഹോപ്പും (78), നിക്കോളാസ് പുരാനും (75) ക്രീസിലൊരുമിച്ചതോടെ വിൻഡീസിന്റെ പ്രതീക്ഷകൾക്ക് വീണ്ടും ജീവൻവച്ചുതുടങ്ങി. 30-ാം ഒാവർവരെ ക്രീസിലുണ്ടായിരുന്ന ഇവർ 106 റൺസാണ് അടിച്ചുകൂട്ടിയത്. 47 പന്തുകളിൽ ആറ് വീതം ഫോറും സിക്സുമടിച്ച പുരാനെ കുൽദീപിന്റെ കൈയിലെത്തിച്ച് ഷമിയാണ് സഖ്യം തകർത്തത്. തൊട്ടടുത്ത പന്തിൽ ഷമി പൊള്ളാഡിനെ (0) ഗോൾഡൻ ഡക്കാക്കി.
ഹാട്രിക് കുൽദീപ്
33-ാം ഒാവറിലെ നാലാം പന്തിൽ ഷായ് ഹോപ്പിനെ കുൽദീപ് കൊഹ്ലിയുടെ കൈയിലെത്തിച്ചു. 85 പന്തുകളിൽ ഹോപ്പ് ഏഴ് ഫോറും മൂന്ന് സിക്സുമടിച്ചിരുന്നു. തൊട്ടടുത്ത പന്തിൽ ഇറങ്ങിയടിക്കാനൊരുങ്ങിയ ഹോൾഡറെ (11) ഋഷഭ് സ്റ്റംപ് ചെയ്തു. ഒാവറിലെ അവസാനപന്തിൽ അൽസാരി ജോസഫിനെ (0) കേദാറിന്റെ കൈയിലെത്തിച്ച് കുൽദീപ് ഹാട്രിക് തികച്ചു. ഇതോടെ വിൻഡീസ് 210/8 എന്ന നിലയിലായി. അവസാന രണ്ട് വിക്കറ്റുകളിൽ 70 റൺസ് കൂട്ടിച്ചേർക്കാൻ വിൻഡീസിന് കഴിഞ്ഞു.
സ്കോർ ബോർഡ്
ഇന്ത്യ ബാറ്റിംഗ് : രോഹിത് ശർമ്മ സി ഹോപ്പ് ബി കോട്ടെറെൽ 159, കെ.എൽ. രാഹുൽ സി ചേസ് ബി അൽസാരി ജോസഫ് 102, വിരാട് കൊഹ്ലി സി ചേസ്ബി പൊള്ളാഡ് 0, ശ്രേയസ് അയ്യർ സി ഹോപ്പ് ബി കോട്ടെറെൽ 53, ഋഷഭ് പന്ത് സി പുരാൻ ബി പോൾ 39, കേദാർ യാദവ് നോട്ടൗട്ട് 16, ജഡേജ നോട്ടൗട്ട് 0, എക്സ്ട്രാസ് 18. ആകെ 50 ഒാവറിൽ 387/5.
വിക്കറ്റ് വീഴ്ച : 1-227, 2-232, 3-292, 4-365, 5-373.
ബൗളിംഗ് : കോട്ടെറെൽ 9-0-83-2, ഹോൾഡർ
9-0-45-0, ക്വാറി പിയറി 9-0-62-0, കീമോ പോൾ 7-0-57-1, അൽസാരി ജോസഫ് 9-1-68-1, റോൾട്ടൺ ചേസ് 5-0-48-0, പൊള്ളാഡ് 2-0-20-1.