ശ്രീകാര്യം: ബൈക്കിൽ വഴി ചോദിച്ചെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ ആറു പവന്റെ മാല പൊട്ടിച്ച് കടന്നു. പൗഡിക്കോണം മുക്കിക്കട സ്വദേശിനി ലീലയുടെ മാലയാണ് പൊട്ടിച്ചത്. ഇന്നലെ വൈകിട്ട് 5 ഓടെയായിരുന്നു സംഭവം. റോഡരികിലുള്ള വീട്ടിൽ മുറ്റമടിക്കുകയായിരുന്നു വീട്ടമ്മ. ഈ സമയം ബൈക്കിലെത്തിയ യുവാക്കൾ വീടിന് സമീപം വണ്ടി നിറുത്തിയ ശേഷം ബൈക്കിന് പിറകിലിരുന്ന യുവാവ് വഴി ചോദിക്കാനെന്ന വ്യാജേന വീട്ടമ്മയെ സമീപിക്കുകയും കഴുത്തിൽ കിടന്ന മാല പൊട്ടിച്ചശേഷം സ്റ്റാർട്ട് ചെയ്ത് നിറുത്തിയിരുന്ന ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. ലീലയുടെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തുമ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ ശ്രീകാര്യം പൊലീസ് സമീപത്തെ വീടുകളിൽ സ്ഥാപിച്ചിരുന്ന സി.സി ടിവി കാമറകൾ പരിശോധിച്ച് മോഷ്ടാക്കളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചതായും ഇവരെ ഉടൻ പിടികൂടുമെന്നും ശ്രീകാര്യം പൊലീസ് അറിയിച്ചു.