തിരുവനന്തപുരം: അടിസ്ഥാന സൗകര്യ വികസനത്തിൽ രാജ്യത്തിന് മാതൃകയായ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) പദ്ധതികളുടെ സംസ്ഥാനതല പ്രചാരണ,ബോധവൽക്കരണ പരിപാടികൾക്ക് നാളെ തുടക്കമാവും. .
തെെയ്ക്കാട് പൊലീസ് മൈതാനിയിൽ വൈകിട്ട് 5.45ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് അദ്ധ്യക്ഷത വഹിക്കും. ജില്ലാതല പദ്ധതികളുടെ പ്രദർശന ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും.ഡെപ്യൂട്ടി സ്പീക്കർ വി. ശശി, മേയർ കെ. ശ്രീകുമാർ, എം.പി,മാരായ ശശി തരൂർ , അടൂർ പ്രകാശ്, എം.എൽ.എ.മാരായ വി.എസ്. ശിവകുമാർ, കെ. ആൻസലൻ, സി.ദിവാകരൻ, സി.കെ. ഹരീന്ദ്രൻ, വി. ജോയ്, ഡി. കെ. മുരളി, വി. കെ. പ്രശാന്ത്, ഒ.രാജഗോപാൽ, കെ. എസ്. ശബരീനാഥൻ, ഐ.ബി. സതീഷ്, ബി. സത്യൻ, എം. വിൻസന്റ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാനത്ത് 45619 കോടിയുടെ 591 പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിയത്. ധനകാര്യവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കിഫ്ബി മുഖേന നടപ്പാക്കുന്ന പദ്ധതികളും അവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് സ്വീകരിക്കുന്ന നടപടികളും ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയും ഒാരോ ജില്ലയിലും നടത്തുന്ന വികസനപദ്ധതികൾ അവതരിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.തുടർന്ന്, ഒാരോ ജില്ലയിലും കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതികളുടെ പ്രദർശനം നടത്തും.
തിരുവനന്തപുരത്ത് മൂന്ന്
ദിവസത്തെ പ്രദർശനം
ജില്ലയിൽ കിഫ്ബി വഴി നടത്തുന്ന വികസന പദ്ധതികളുടെ വിപുലമായ പ്രദർശനവും ഇതോടൊപ്പം നടത്തും. 21, 22തീയതികളിൽ രാവിലെ 10 മുതൽ രാത്രി 8 വരെയാണ് പ്രദർശനം. 21ന് രാവിലെ 10 മുതൽ 12.30വരെ സാങ്കേതിക ഗുണനിലവാര നടപടികളെ കുറിച്ച് ചർച്ചയും ,2 മുതൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് അവതരിപ്പിക്കുന്ന ക്വിസ് മത്സരവും ഉണ്ടായിരിക്കും. തുടർന്ന് കോളേജ് വിദ്യാർത്ഥികൾക്കായി പ്രബന്ധരചനാമത്സരവും സ്കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസമത്സരവും നടത്തും.22ന് ജില്ലയിലെ നിയമസഭാമണ്ഡലങ്ങളിലെ കിഫ്ബി പദ്ധതികളുടെ അവലോകനം നടത്തും. ഇതിൽ എം.എൽ.എമാരും വകുപ്പ് മേധാവികളും പങ്കെടുക്കും.