അഭിഷേക രാമന് സെഞ്ച്വറി (110), മനോജ് തിവാരിക്ക് (51) അർദ്ധസെഞ്ച്വറി

അൻസാർ എസ്. രാജ്

തിരുവനന്തപുരം : തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിനോട് പൊരുതി ലീഡിലേക്ക് അടുക്കുകയാണ് ബംഗാൾ. മത്സരത്തിന്റെ രണ്ടാം ദിനമായ ഇന്നലെ കേരളം ഒന്നാം ഇന്നിംഗ്സിൽ 239 റൺസിന് ആൾ ഒൗട്ടായതിന് പിന്നാലെ ബാറ്റിംഗിനിറങ്ങിയ ബംഗാൾ കളിനിറുത്തുമ്പോൾ 236/6 എന്ന സ്കോറിലെത്തിയിട്ടുണ്ട്. ഒാപ്പണർ അഭിഷേക് രാമന്റെ സെഞ്ച്വറിയും (110), മുൻ ഇന്ത്യൻ താരം മനോജ് തിവാരിയുടെ (51) അർദ്ധ സെഞ്ച്വറിയുമാണ് ബംഗാളിൽ കരുത്തേകിയത്. കേരളത്തിനുവേണ്ടി ബേസിൽ തമ്പിയും കെ.എസ്. മോനിഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജലജ് സക്സേനയ്ക്കും എസ്. മിഥുനും ഒാരോ വിക്കറ്റ് ലഭിച്ചു.

ഇന്നലെ 237/7 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയ കേരളത്തിന് മൂന്ന് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവശേഷിച്ച മൂന്ന് വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. ടീം സ്കോർ 239 ൽ നിൽക്കവെയാണ് മൂന്ന് വിക്കറ്റുകളും വീണത്. മോനിഷിനെയും (14), ബേസിൽ തമ്പിയേയും (0) ഒരേ ഒാവറിൽ ഇശാൻ പൊരേൽ പുറത്താക്കിയപ്പോൾ മിഥുനെ 0) മുകേഷ് കുമാർ എൽ.ബിയിൽ കുരുക്കുകയായിരുന്നു.

ആദ്യദിനം സഞ്ജു സാംസൺ നേടിയ തകർപ്പൻ സെഞ്ച്വറിയുടെ (116) മികവിലാണ് കേരളം 239 ലെത്തിയിരുന്നത്. റോബിൻ ഉത്തപ്പ (50) റൺസ് നേടി. ഇരുവരും ഒഴികെ രണ്ടക്കം കടന്നത് സൽമാൻ നിസാറും (19), മോനിഷും (14), ക്യാപ്ടൻ സച്ചിൻ ബേബിയും (10) മാത്രമാണ്. പി. രാഹുൽ (5), ജലജ് സക്സേന (9), വിഷണു വിനോദ് (0) എന്നിവർ നിരാശപ്പെടുത്തി. ബംഗാളിനായി ഇശാൻ പൊരേൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുകേഷ് കുമാർ, ഷഹ്ബാസ് അഹമ്മദ്, അർണബ് നന്ദി എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

ഇന്നലെ മറുപടി ഇന്നിംഗ്സിനിറങ്ങിയ ബംഗാളിന്റെ ക്യാപ്ടൻ അഭിമന്യു ഇൗശ്വരനെ (4) രണ്ടാം ഒാവറിൽതന്നെ ബേസിൽ തമ്പി കീപ്പർ സഞ്ജുവിന്റെ കൈയിലെത്തിച്ചിരുന്നു. 10-ാം ഒാവറിൽ കൗഷിക്ക് ഘോഷും (11) കൂടാരം കയറി. മോനിഷിന്റെ പന്തിൽ സഞ്ജുവിനായിരുന്നു ക്യാച്ച്. തുടർന്ന് ക്രീസിലൊരുമിച്ച അഭിഷേക് രാമനും മനോജ് തിവാരിയും കൂട്ടിച്ചേർത്ത 99 റൺസാണ് സന്ദർശകർക്ക് ഉൗർജമായത്. ടീം സ്കോർ 125 ൽ വച്ച് തിവാരി പുറത്തായി. തുടർന്നെത്തിയ സുദീപ് ചാറ്റർജി (1)യും വൈകാതെ മടങ്ങി. കീപ്പർ ശ്രീവത്സ് ഗോസ്വാമി (24) അൽപ്പനേരം പിടിച്ചുനിന്നു. ഷഹ്ബാസ് അഹമ്മദിനെ കൂട്ടി (25 നോട്ടൗട്ട്) സെഞ്ച്വറി കടന്ന അഭിഷേക് രാമൻ ടീം സ്കോർ 227 ൽ വച്ചാണ് തിരിച്ചുനടന്നത്. 240 പന്തുകൾ നേരിട്ട രാമൻ ഏഴ് ഫോറും രണ്ട് സിക്സും പറത്തി. കളിനിറുത്തുമ്പോൾ അർണബ് നന്ദിയാണ് ഷഹ്ബാന്കൂട്ട്.