ഉള്ളൂർ: അവധിയെടുത്ത് വിദേശത്തുപോയ ജീവനക്കാരന്റെ ശമ്പളം തിരിമറി നടത്തി 15 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസ് ജീവനക്കാരനും സുഹൃത്തും റിമാൻഡിൽ. മലയിൻകീഴ് മേപ്പൂക്കട കുറ്റിക്കാട് നന്ദനത്തിൽ സജു .പി.ആർ (30), ഇയാളുടെ സുഹൃത്ത് പേയാട് ചൂഴാറ്റുകോട്ട ആശാൻവിളാകത്ത് വീട്ടിൽ അനീഷ് (29) എന്നിവരാണ് റിമാൻഡിലായത്. 2014 ൽ അവധിയിൽ പ്രവേശിച്ച അബ്‌ദുൾ ലത്തീഫിന്റെ ശമ്പളമായി സർക്കാർ വിതരണം ചെയ്ത 14,96,000 രൂപയാണ് ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കിൽ തിരിമറി നടത്തി ഇരുവരും ചേർന്ന് തട്ടിയെടുത്തത്. മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ അരുൺ .കെ.എസ്, സബ് ഇൻസ്പെക്ടർ ആർ.എസ്. ശ്രീകാന്ത്, എസ്.ഐ മോഹനൻ നായർ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.