തിരുവനന്തപുരം: പതിനഞ്ചോളം ലോക രാജ്യങ്ങളിലെ യുവതികളായ സംഗീത പ്രതിഭകൾ ഒരുക്കിയ 'എർത്ത് ടു ഹാർട്ട്' വേറിട്ട സംഗീതസായാഹ്നം സമ്മാനിച്ചു. യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ അരങ്ങേറിയ സംഗീത വിരുന്നിൽ സിറിയ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, ഇന്ത്യ, ശ്രീലങ്ക, മ്യാൻമർ, വിയറ്റ്‌നാം, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ചൈന, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള 40 വിദ്യാർത്ഥിനികൾ അടങ്ങിയ സംഘമാണ് എർത്ത് ടു ഹാർട്ട് എന്ന ക്രിസ്മസ് ക്വയർ അവതരണം ഒരുക്കിത്. മന്ത്രി കെ.കെ. ശൈലജ സംഗീത വിരുന്ന് ഉദ്ഘാടനം ചെയ്തു. കേരള സർവകലാശാല വൈസ് ചാൻസലർ മഹാദേവൻ പിള്ള, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, അലൈയൻസ് ഫ്രാൻസെസ് ട്രിവാൻഡ്രം ഡയറക്ടർ ഇവാ മാർട്ടിൻ തുടങ്ങിയവർ പങ്കെടുത്തു. ഭാരത് ഭവനും അലൈയൻസ് ഫ്രാൻസെസ് ട്രിവാൻഡ്രവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.