5-0

ഇംഗ്ളീഷ് ലീഗ് കപ്പ് ഫുട്ബാൾ ക്വാർട്ടറിൽ ആസ്റ്റൺ വില്ല

എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് ലിവർപൂളിനെ കീഴടക്കി

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ നിലവിലെ ഒന്നാമന്മാരായ ലിവർപൂളിന് ലീഗ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കനത്ത തോൽവി. മുൻനിര ടീമുമായി കോച്ച് യൂർഗൻ ക്ളോപ്പ് ഖത്തറിൽ നടക്കുന്ന ക്ളബ് ലോകകപ്പിനായി പോയതിനാൽ അണ്ടർ 23 താരങ്ങളെയാണ് ലിവർപൂൾ ലീഗ് കപ്പിനായി കളത്തിലിറക്കിയത്. എന്നാൽ ശരാശരി 19 വയസ് മാത്രമുള്ള സംഘത്തിന് ആസ്റ്റൺ വില്ലയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.

ഒരു പ്രധാന ചാമ്പ്യൻഷിപ്പിൽ ഇറങ്ങുന്ന ഏറ്റവും പ്രായംകുറഞ്ഞ ലിവർപൂൾ സംഘം 14-ാം മിനിട്ടുമുതൽ ഗോളുകൾ ഏറ്റുവാങ്ങി തുടങ്ങി. ഹൗരി ഹേനാണ് ആദ്യ ഗോൾ സ്കോർ ചെയ്തത്. 17-ാം മിനിട്ടിൽ ലിവർപൂൾ താരം ബോയസ് സെൽഫ് ഗോളടിച്ചു 37-ാം മിനിട്ടിലും 45-ാം മിനിട്ടിലും കോഡിയ ഇരട്ട ഗോളുകൾ നേടുകകൂടി ചെയ്തതോടെ ആസ്റ്റൺ വില്ല ആദ്യ പകുതിയിൽ 4-0 ത്തിന്ലീഡ് ചെയ്തു. രണ്ടാം പകുതിയിൽ അധികം ഗോൾ വഴങ്ങാതെ കാത്ത ലിവർ പൂളിന്റെ പിള്ളേർ ഇൻജുറി ടൈമിലാണ് അഞ്ചാം ഗോളടിക്കാൻ വെസ്‌ലിയെ അനുവദിച്ചത്.

ഇതോടെ ആസ്റ്റൺ വില്ല ലീഗ് കപ്പിന്റെ സെവിയിലെത്തി. പ്രിമിയർ ലീഗിലെ മുൻനിരക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി. ലെസ്റ്റർ സിറ്റി എന്നിവരും ക്വാർട്ടർഫൈനലിന് ഇറങ്ങുന്നുണ്ട്.

കലിസ് കൺസൾട്ടന്റ്

കേപ്ടൗൺ : ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം മുൻ താരം ജാക്ക് കാലിസിനെ ബാറ്റിംഗ് കൺസൾട്ടന്റായി നിയമിച്ചു. ചാൾ ലാംഗ്വേവെൽറ്റിന്റെ ബൗളിംഗ് കോച്ചായും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ മുഖ്യപരിശീലകൻ മാർക്ക് ബൗച്ചറുടെയും ക്രിക്കറ്റ് ഡയറക്ടർ ഗ്രേം സ്മിത്തിന്റെയും തീരുമാനപ്രകാരമാണ് കാലിസിനെയും ലാംഗ്വേവെൽറ്റിനെയും പരിശീലക സംഘത്തിലെടുത്തത്.

ഐ.എസ്. എൽ ബംഗളുരുവിന് ജയം

ഗോഹട്ടി : ഇന്നലെ നടന്ന ഐ.എസ്. എൽ ഫുട്ബാൾ മത്സരത്തിൽ ബംഗ്ളുരു എഫ്.സി, മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് നോർത്ത് ഇൗസ്റ്റ് യുണൈറ്റഡിനെ കീഴടക്കി. 68-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് സുനിൽ ഛെത്രിയും 80-ാം മിനിട്ടിൽ ആൽബർട്ട് സെവാനുമാണ് ഗോളുകൾ നേടിയത്. ഇൗ വിജയത്തോടെ എട്ട്കളികളിൽ നിന്ന് 13 പോയിന്റായ ബംഗളുരു മൂന്നാംസ്ഥാനത്തേക്കുയർന്നു. ഏഴ് കളികളിൽനിന്ന് 10 പോയിന്റുള്ള നോർത്ത് ഇൗസ്റ്റ് അഞ്ചാമതാണ്.