chill

വെള്ളനാട്: തെങ്ങ് ദേഹത്തുവീണ് പരിക്കേറ്റയാളിന്റെ കൈയിൽ തറച്ച കുപ്പിച്ചില്ല് 42 ദിവസങ്ങൾക്ക് ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കഴിഞ്ഞ നവംബർ അഞ്ചിനാണ് പൂജപ്പുര ഹെഡ് പോസ്റ്റോഫീസിലെ ജീവനക്കാരനായ വെള്ളനാട് സ്വദേശി കെ. ചന്ദ്രബാബുവിന് പരിക്കേറ്റത്. മുളയറയിൽ നിന്നും വെള്ളനാട്ടേക്കുള്ള വഴിയിൽ ഭഗവതിപുരം കരുനെല്ലിയോട് തോട്ടിൽ ഹിറ്റാച്ചി ഉപയോഗിച്ച് ചെളി നീക്കം ചെയ്യുന്നതിനിടെ സമീപത്തുനിന്ന ഉണക്കതെങ്ങ് ബൈക്ക് യാത്രികനായ ചന്ദ്രബാബുവിന്റെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ തലയ്‌ക്ക് നിസാര പരുക്കേറ്റു. സമീപത്തേക്ക് തെറിച്ചുവീണ ചന്ദ്രബാബുവിന്റെ ഒരു കൈ ഒടിയുകയും നെഞ്ചിന് മാരകമായ മുറിവേൽക്കുകയുമായിരുന്നു. പരിസരവാസികൾ ചന്ദ്രബാബുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും രണ്ടുകൈയിലും എക്‌സ‌്റേ എടുത്ത ശേഷം മുറിവ് തുന്നിക്കെട്ടി വിട്ടയച്ചു. വേദന കുറവില്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിലെത്തി ഒടിഞ്ഞകൈ സർജറി നടത്തി. എന്നാൽ ഇടതുകൈയിലെ മുറിവ് തുന്നിക്കെട്ടാൻ കഴിയില്ലെന്ന് സ്വകാര്യആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. എന്നാൽ ഒരു മാസം കഴി‌ഞ്ഞപ്പോൾ ചന്ദ്രബാബുവിന്റെ ഇടതുകൈയിലെ മുറിവ് പഴുത്തു. തുടർന്ന് വെള്ളനാട് ആശുപത്രിയിലെ ഡോക്ടർ ബി. ജയകുമാറിനെ സമീപിച്ചപ്പോഴാണ് മുറിവിൽ കുപ്പിച്ചില്ല് ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയ നടത്തി കുപ്പിച്ചില്ല്

പുറത്തെടുക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്ന് ചന്ദ്രബാബു പറഞ്ഞു.