കല്ലമ്പലം: കലണ്ടർ വേണ്ട കണ്ണുംപൂട്ടി നാളും തീയതിയും നക്ഷത്രവുമൊക്കെ കിറുകൃത്യമായി പറയും. ഇത് പുതിയ ആപ്ലിക്കേഷനൊന്നുമല്ല. കിഴക്കനേല ഗവ. എൽ.പി.എസിലെ രണ്ടാം ക്ളാസുകാരനായ ഒരു കൊച്ചു കൂട്ടുകാരന്റെ കഴിവാണിതൊക്ക. 2019 വർഷത്തെ കലണ്ടറിൽ ഏതു തീയതി ചോദിച്ചാലും അത് ഏതു ദിവസമാണെന്നും അന്നത്തെ മലയാളം നക്ഷത്രമേതാണെന്നും കൃത്യമായി പറയും. നാവായിക്കുളം കിഴക്കനേല വിജയമന്ദിരത്തിൽ വിജയകുമാരൻ നായർ - സിന്ധു ദമ്പതികളുടെ മകനും കിഴക്കനേല ഗവ. എൽ.പി.എസിലെ വിദ്യാർഥിയുമായ കാർത്തിക്കാണ് ഈ കഴിവിനുടമ. ഏതു മാസത്തെ തീയതി ചോദിച്ചാലും കാർത്തിക്ക് രണ്ടു നിമിഷം ഒന്ന് ആലോചിക്കും. പിന്നീട് എല്ലാവരേയും അതിശയിപ്പിച്ചുകൊണ്ട് ആഴ്ചയും നക്ഷത്രവും കൃത്യമായി പറയും. കൂട്ടുകാർക്കെല്ലാം കലണ്ടർ മാസങ്ങൾ ചോദിച്ച് കാർത്തിക്കിന്റെ ഉത്തരം കൗതുകപൂർവം കേൾക്കുകയും അത് ശരിയാണോയെന്ന് കലണ്ടർ നോക്കി പരീക്ഷിക്കുകയും ചെയ്യുന്നത് നേരമ്പോക്കാണിപ്പോൾ. കാർത്തിക്കിനെ സ്കൂൾ അധികൃതർ പ്രത്യേക ചടങ്ങിൽ അനുമോദിച്ചു.