നെയ്യാറ്റിൻകര: ദേശീയപാതയിൽ നെയ്യാറിന് കുറുകെയുള്ള അമരവിള പാലം, ഏകദേശം നൂറ്റി ഇരുപതോളം വർഷം പഴക്കമുള്ള ഈ പാലം ഇന്ന് ജീർണാവസ്ഥയിലാണ്. പാലം നശിക്കന്നതിലൂടെ ഒരു ഗതകാല ചരിത്ര സംഹിത കൂടിയാണ് മൺമറയുന്നത്. പാലം വേണ്ട രീതിയിൽ സംരക്ഷിക്കാതായതോടെ കാടും പടർപ്പും ഇവിടെ വളർന്നിറങ്ങി. ഇതോടെ ഇവിടം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. പാലത്തിന് താഴെ ഒഴുകുന്ന നെയ്യാറിലേക്ക് മാലിന്യം നിക്ഷേപിക്കാനുള്ള എളുപ്പമാർഗമായി ഈ കാടും പടർപ്പും. തമിഴ്നാട്ടിൽ നിന്നും തലസ്ഥാനത്തേക്ക് ഇറച്ചികോഴി വിതരണം ചെയ്യുന്നവർ തിരിച്ചുപോകുമ്പോൾ മാലിന്യം വലിച്ചെറിയുന്നത് അമരവിള പാലത്തിന് താഴെയുള്ള നെയ്യാറിലേക്കാണ്. ഒപ്പം മദ്യപൻമാരുടെയും മറ്റ് സാമൂഹിക വിരുദ്ധരുടെയും താവളം കൂടിയാണ് ഈ പാലമെന്നും പരാതിയുണ്ട്.
കുടിവെള്ളമുൾപ്പെടെ വസ്ത്രം അലക്കാനും മറ്റ് ആവശ്യങ്ങൾക്കും നാട്ടുകാർക്ക് ആശ്രയം നെയ്യാറിലെ ജലമാണ്. കരയിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ മഴയത്ത് ഒലിച്ച് നെയ്യാറിൽ ഇറങ്ങുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായതോടെ കഴിഞ്ഞ ദിവസങ്ങളിൽ സമീപവാസികളായ യുവാക്കൾ പാലത്തിന് സമീപമുള്ള മാലിന്യം കോരി മാറ്റി കത്തിച്ചു. ചെറിയ കുറ്റിക്കാടുകളും വെട്ടി മാറ്റി.
യുവാക്കൾ പാലം വൃത്തിയാക്കുന്നതിനിടെ നെയ്യാറിലേക്ക് മാലിന്യം നിക്ഷേപിച്ച റിട്ട. സർക്കാർ ഉദ്യോഗസ്ഥനെ നാട്ടുകാർ തടഞ്ഞു വച്ചു. നെയ്യാറ്റിൻകര നഗരസഭാ ചെയർപേഴ്സൻ നഗരസഭാ ഹെൽത്ത് സ്കാഡിനെ വിളിച്ചു വരുത്തി 500 രൂപ പിഴ ഈടാക്കി അയാളെ വിട്ടയച്ചത്.
കരിങ്കല്ലിൽ നിർമ്മിച്ച പാലത്തിന്റെ പ്രധാന തൂണുകൾക്ക് വേണ്ടത്ര സംരക്ഷണം നൽകാത്തത് കാരണം ബലക്ഷയം നേരിടാൻ തുടങ്ങി. ഇതോടെ സമാന്തരമായി പുതിയ പാലം നിർമ്മിച്ചു. ഇതോടെ പഴയപാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. പിന്നീട് നിയന്ത്രണം പിൻവലിക്കുകയും ചെയ്തു. പ്രധാനപാത പുതിയപാലമാണ്. അതുകൊണ്ടുതന്നെ പഴയപാലത്തിൽ തിരക്ക് കുറവാണ് ഇത് മാലിന്യ നിക്ഷേപത്തിനും മറ്റും സൗകര്യമാകും. കഴിഞ്ഞ പ്രളയത്തിൽ പഴയ പാലത്തിന്റെ കൽത്തൂണുകൾക്ക് കൂടുതൽ ബലക്ഷയമുണ്ടായി. പാലത്തിന്റെ കൈവരികളും പൊട്ടിപ്പൊളിഞ്ഞു. പ്രധാന പാലത്തിൽ ട്രാഫിക് കുരുക്കുണ്ടാകുമ്പോൾ ആശ്രയിക്കുന്നത് പഴയപാലം
നെയ്യാറ്റിൻകരയിലെ ചരിത്രശേഷിപ്പുകളും നൂറ്റാണ്ടുകൾ പഴക്കമുള്ളതുമായ ഇത്തരം പാലങ്ങളും കെട്ടിടങ്ങളും സംരക്ഷിക്കണമെന്നാണ് പൊതു ആവശ്യം.
തിരുവിതാംകൂർ ദിവാനായിരുന്ന സർ. സി.പി. രാമസ്വാമി അയ്യരുടെ കാലത്ത് നിർമ്മിച്ചതാണ് ഈ പാലം. തികച്ചും മനുഷ്യപ്രയത്നം കൊണ്ട് മാത്രം നിർമ്മിച്ചതാണ് പാലം. ഇന്നത്തെ പോലെ കോൺക്രീറ്റ് കമ്പികൾ പാലം നിർമ്മാണത്തിന് ഉപയോഗിച്ചിട്ടില്ല. കക്ക നീറ്റിയ ചുണ്ണാമ്പും മണലും സിമന്റും ചേർത്തുള്ള ' സുർക്കി' മിശ്രിതം കൊണ്ടാണ് പാലം നിർമ്മിച്ചിട്ടുള്ളത്. സംരക്ഷിച്ചാൽ എത്ര നൂറ്റാണ്ടു വേണമെങ്കിലും ബലക്ഷയമില്ലാതെ പാലം നിലനിറുത്താം.
എന്നാൽ ഇന്ന് ചരിത്രശേഷിപ്പുകളായ ഇത്തരം നിർമ്മിതികൾ ആരും വേണ്ടത്ര ശ്രദ്ധിക്കാതെ നശിക്കുന്നതും നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.