തിരുവനന്തപുരം: കാൻസർ സമ്മാനിച്ച വേദനകൾ മറന്ന് പാട്ടുപാടിയും തമാശ പറഞ്ഞും വിശേഷങ്ങൾ പങ്കുവച്ചും അവർ സന്തോഷത്തോടെ ഒത്തുചേർന്നു. ആർ.സി.സിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ' കെയർ പ്ലസ് ' സന്നദ്ധ സംഘടന കാൻസർ രോഗികൾക്കും ബന്ധുക്കൾക്കുമായി ഒരുക്കിയ ക്രിസ്‌മസ് ആഘോഷത്തിലായിരുന്നു ഈ ഒത്തുചേരൽ. ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത ആർ.സി.സി ചീഫ് നഴ്സിംഗ് ഓഫീസർ ആർ. ശ്രീലേഖ രോഗികൾക്കുള്ള ക്രിസ്‌മസ് കിറ്റ് വിതരണം ചെയ്‌തു. കാൻസറിനെ ഭീതിയോടെയും സഹതാപത്തോടെയും കാണേണ്ട കാര്യമില്ലെന്നും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതാണ് കാൻസറെന്നും ആർ. ശ്രീലേഖ പറഞ്ഞു. കാൻസർ വന്നാൽ എല്ലാം കഴിഞ്ഞെന്ന ചിന്ത മാറണം. രോഗികൾക്ക് വേണ്ടത് സഹതാപമല്ല, അംഗീകാരമാണ്. കാൻസർ രോഗികൾക്ക് തുണയായി ആശുപത്രികളിലും വീടുകളിലും കൂടെ നിൽക്കുന്ന കെയർ പ്ലസിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അവർ കൂട്ടിച്ചേർത്തു. തുടർന്ന് എല്ലാവരും ചേർന്ന് കേക്ക് മുറിച്ചു. കൂട്ടായ്‌മയിൽ പങ്കെടുക്കാനെത്തിയവരുടെ കലാപരിപാടികളും അരങ്ങേറി. ടെക്നോപാർ‌ക്കിൽ പ്രവർത്തിക്കുന്ന എ.സി.ഐ.എസ് കമ്പനി പ്രതിനിധികൾ, വിവോ പ്രതിനിധികൾ തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു. 130 രോഗികൾക്കുള്ള കിറ്റ് ചടങ്ങിൽ വിതരണം ചെയ്‌തു. കെയർ പ്ലസ് പ്രസിഡന്റ് ഗീതാ അശോകൻ, സെക്രട്ടറി ശോഭ ജോർജ്, വൈസ് പ്രസിഡന്റ് ചെറിയാൻ ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.