red-217

എന്നാൽ ആ പ്രവൃത്തി തന്റെ പ്രാണന് ആപത്താണെന്നു പരുന്ത് റഷീദ് വേഗം തിരിച്ചറിഞ്ഞു.

കാരണം തന്റെ ഭാഗത്തുനിന്ന് ചതിയുടെ ഒരു ചലനമുണ്ടായാൽ കിടാവ് നിറയൊഴിക്കും.

''നീ എന്താടാ ഓർത്തു നിൽക്കുന്നത്?" ശ്രീനിവാസകിടാവിന്റെ ശബ്ദം അയാളെ ഉണർത്തി.

''കൈയ്ക്ക് ഭയങ്കര വേദനയാണ് സാർ..." അയാൾ ഭംഗിയായി അഭിനയിച്ചു.

''സാരമില്ല. നീ പതുക്കെ ചെയ്താൽ മതി." ശേഖരനും പറഞ്ഞു.

രാവിലെ ചെയ്തതിന്റെ പകുതി വേഗത്തിലും ശക്തിയിലും പരുന്ത് കല്ലറയുടെ സ്ളാബിനടിയിൽ കുത്തിക്കൊണ്ടിരുന്നു...

എങ്കിലും ആ ശബ്ദം നിലവറയിൽ ഭീകരമായി മുഴങ്ങിക്കൊണ്ടിരുന്നു...

****

നിലമ്പൂർ പോലീസ് സ്റ്റേഷൻ.

സി.ഐ അലിയാർ കംപ്യൂട്ടറിൽ എന്തോ തിരഞ്ഞുകൊണ്ടിരിക്കുകയാണ്.

പെട്ടെന്ന് വൈബ്രേറ്റ്‌ മോഡലിൽ കിടന്നിരുന്ന സെൽഫോൺ വിറച്ചു.

അലിയാർ കംപ്യൂട്ടറിൽ നിന്ന് ദൃഷ്ടികൾ മാറ്റാതെ ഫോണെടുത്ത് കാതിൽ ചേർത്തു.

''യേസ്..."

''സാറേ... അശോകനാ."

വടക്കേ കോവിലകം ശ്രദ്ധിക്കുവാൻ നിയോഗിക്കപ്പെട്ട പോലീസ് കോൺസ്റ്റബിളിന്റെ ശബ്ദം.

''ങാ. പറഞ്ഞോ..."

''കോവിലകത്തുനിന്ന് എന്തോ ശബ്ദം കേൾക്കുന്നുണ്ട് സാർ... എന്തോ കുത്തിപ്പൊളിക്കും പോലെ..."

അലിയാരുടെ നെറ്റി ചുളിഞ്ഞു. കോവിലകത്തിന്റെ ഭിത്തികൾ തടിയാണല്ലോ...

''വാതിൽ തകർക്കാനോ മറ്റോ ആരെങ്കിലും ശ്രമിക്കുകയാണോ അശോകാ?"

''അല്ല സാർ.. തടിയിലല്ല... കല്ലിലോ സിമന്റിലോ കുത്തുന്നതു പോലെയാ ശബ്ദം."

അലിയാരുടെ കണ്ണുകൾ വികസിച്ചു.

''സാരമില്ല. പൊളിക്കുന്നതൊക്കെ പൊളിക്കട്ടെ. അവിടെ നിന്ന് ഒരു വഴിയെയും ആരും പുറത്തുപോകാൻ പാടില്ല."

''ശരി സാർ..."

''അവിടെ എന്ത് വിശേഷം ഉണ്ടായാലും ഏത് സമയത്തും എന്നെ വിളിക്കണം."

''വിളിക്കാം സാർ."

അലിയാർ ഫോൺ ടേബിളിനു പുറത്തുവച്ചു.

പൊളിക്കുന്നത് കല്ലറകൾ തന്നെയാണെന്ന് അയാൾക്ക് ഉറപ്പുണ്ട്.

പൊളിക്കട്ടെ...

****

കരുളായി.

ബലഭദ്രൻ തമ്പുരാന്റെ ബംഗ്ളാവിനു മുന്നിൽ ഒരു പന്തൽ ഉയരുകയാണ്.

നാളെ എത്തുന്ന ദേവനന്ദയുടെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കുവാൻ.

തമ്പുരാന്റെ പത്നി സുമംഗലയുടെ ബന്ധുക്കളാണ് പണിക്ക് നേതൃത്വം നൽകിക്കൊണ്ടിരുന്നത്.

ഒരു ബൊലേറോ അവിടെ വന്നുനിന്നപ്പോൾ എല്ലാവരും തിരിഞ്ഞുനോക്കി.

പൊലീസ്!

അതിൽ നിന്ന് സി.ഐ അലിയാരും എസ്.ഐ സുകേശും ഇറങ്ങി.

പന്തൽ പണിക്കാരും അത് ചെയ്യിക്കുന്നവരും ഭവ്യതയോടെ നിന്നു.

സി.ഐ ഒരു കസേരയിൽ ഇരുന്നു.

''തമ്പുരാൻ ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ട ആളാണ്. അതുകൊണ്ട് എന്തു വേണമെങ്കിലും പറയണം. ഇവിടെ യാതൊരു കുറവും ഉണ്ടാവാൻ പാടില്ല. അതിനാ ഈ നേരത്തും വന്നത്."

അലിയാർ നടത്തിപ്പുകാരോടു പറഞ്ഞു.

''തൽക്കാലം ഒന്നും വേണ്ടിവരില്ല സാർ..." ഒരാൾ അറിയിച്ചു. ''പക്ഷേ നാളെ മോളുടെ ബോഡി കൊണ്ടുവരുമ്പം ഏതാനും പൊലീസുകാരെ വിട്ടുതന്നാ..."

''തീർച്ചയായും. അത് ഞങ്ങളുടെ കടമയാണല്ലോ."

അല്പനേരം കൂടി സംസാരിച്ചിരുന്ന ശേഷം പൊലീസ് ഉദ്യോഗസ്ഥർ മടങ്ങി.

****

വടക്കേ കോവിലകം.

നേർത്ത നിലാവ് ചുറ്റും പതിഞ്ഞുകിടന്നു.

പടിഞ്ഞാറു ഭാഗത്ത് പരിസരം ശ്രദ്ധിച്ചുകൊണ്ടുനിന്നിരുന്ന കോൺസ്റ്റബിൾ അശോകന് പുകവലിക്കണമെന്നു തോന്നി. പരിസരത്തെങ്ങും ആരുമില്ലെന്ന് ഉറപ്പുള്ളതിനാൽ ഒരു മരച്ചുവട്ടിലേക്കു മാറിനിന്ന് അയാൾ സിഗററ്റെടുത്തു.

ചുണ്ടിൽ വയ്ക്കും മുൻപ് ഒരു തവണ കൂടി ചുറ്റും നോക്കി.

നിലാവിന്റെ മങ്ങിയ വെളിച്ചത്തിൽ നിൽക്കുന്ന കുറ്റിച്ചെടികളും തെങ്ങും കവുങ്ങുമല്ലാതെ മറ്റൊന്നുമില്ല.

തണുപ്പ് നേരിയ തോതിൽ വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്.

അയാൾ സിഗററ്റ് ചുണ്ടിൽ വച്ചു. നിറയെ ഇലപ്പടർപ്പുള്ള വൃക്ഷമായിരുന്നതിനാൽ ഡിസൈൻ കുട കമിഴ്‌ത്തിയതുപോലെ അവിടെ ഇരുട്ടുണ്ട്.

സിഗററ്റു കവർ പാന്റ്‌സിന്റെ പോക്കറ്റിൽ തിരുകിയിട്ട് അശോകൻ ലൈറ്റർ എടുത്തു. കോവിലകത്തുനിന്ന് ഇപ്പോഴും എന്തോ കുത്തിപ്പൊളിക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്.

അയാൾ ലൈറ്റർ തെളിച്ചു.

അടുത്തനിമിഷം മരച്ചില്ലകളിൽ ഒരനക്കം!

''ങ്‌ഹേ?"

ഞെട്ടലോടെ അശോകൻ മുകളിലേക്കു നോക്കി.

കരിങ്കുരങ്ങുകൾ അസംഖ്യം അവിടെയിരിക്കുന്നതുപോലെ...

അശോകന്റെ കൈയിൽ നിന്ന് ലൈറ്റർ അണഞ്ഞു. ചുണ്ടിൽ നിന്നു സിഗററ്റും വിറച്ചുവീണു...

പൊടുന്നനെ താഴ്‌വാരത്തെവിടെയോ കാട്ടുപക്ഷി ചിലയ്ക്കുന്നതുപോലെ ഒരു ശബ്ദം.

അത് ഏറ്റുപിടിച്ചതുപോലെ അശോകന്റെ തലയ്ക്കു മുകളിലെ മരക്കൊമ്പുകളിൽ അതേപോലത്തെ ഒരുപാട് ശബ്ദങ്ങൾ...

അശോകൻ അടിമുടി വിറച്ചു. പേടിയോടെ മുകളിലേക്കു നോക്കിയ അശോകന്റെ കണ്ഠത്തിൽ ഒരു നിലവിളി കുരുങ്ങിവീണു ഞെരിഞ്ഞമർന്നു.

ഒന്നിനു പിറകെ ഒന്നായി കുരങ്ങുകളെപ്പോലെ അനേകം കറുത്ത രൂപങ്ങൾ തായ്‌ത്തടിവഴി താഴേക്കു വരുന്നു...

അശോകനു പിന്നെ അവിടെ നിൽക്കുവാൻ കഴിഞ്ഞില്ല.

പണിപ്പെട്ട് അയാൾ ഒന്നലറി.

പിന്നെ ചെളിയിൽ പുതഞ്ഞുപോയ കാലുകൾ വലിച്ചൂരിയെടുക്കുന്ന ആയാസത്തിൽ മുന്നോട്ടോടി.

പക്ഷേ ഒരു കല്ലിൽത്തട്ടി അയാൾ കമിഴ്‌ന്നു വീണു.

(തുടരും)