
തിരുവനന്തപുരം: ദിവസങ്ങളോളം പെടപെടാന്നിരിക്കാൻ ഫോർമാലിൻ കലർത്തിയ മത്സ്യം വ്യാപകമായി വീണ്ടും ചന്തകളിൽ എത്തി തുടങ്ങി. നഗരസഭയിലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കേശവദാസപുരത്തു നിന്ന് രണ്ടര ടൺ ഫോർമാലിൻ കലർത്തിയ മത്സ്യം പിടികൂടി.
മംഗലാപുരത്ത് നിന്ന് ലോറിയിൽ കൊണ്ടുവന്ന മത്സ്യം പാങ്ങോട് ചന്തയിലെത്തിച്ച് മറ്റ് ചന്തകളിലേക്ക് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. 5 ലക്ഷം രൂപ വിലമതിക്കുന്ന മത്സ്യമാണ് പിടികൂടിയത്.
ക്രിസ്മസ് അടുത്തിരിക്കെ, ഫോർമാലിൻ കലർത്തിയ മത്സ്യം കൂടുതലായി വിപണിയിൽ എത്താൻ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് നഗരസഭ. അതിനാൽ പരിശോധന ശക്തമായി തുടരുമെന്ന് മേയർ കെ. ശ്രീകുമാർ അറിയിച്ചു. ഒപ്പം ഇതൊരു ഒറ്റപ്പെട്ട സംഭവം ആകാൻ സാദ്ധ്യതയില്ലാത്തതിനാൽ പരിശോധന വ്യാപകമാക്കും. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ മറ്റ് ജില്ലകളിലും പരിശോധന ശക്തമാക്കാൻ തീരുമാനിച്ചു. ഇതിനായി ഉടൻ കൂടുതൽ സ്‌ക്വാഡുകൾ രൂപികരിക്കും.