തിരുവനന്തപുരം: ക്ഷത്രിയ ക്ഷേമ സഭയുടെ നേതൃത്വത്തിൽ മഹാറാണി സേതുലക്ഷ്‌മീബായിയുടെ 125ാം ജന്മദിനാഘോഷം 22ന് രാവിലെ 10ന് കോട്ടയ്‌ക്കകം ലെവിഹാളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ഡോക്ടർ വി.ആർ. പ്രബോധചന്ദ്രൻ നായർ ' രാഷ്ട്ര നിർമ്മാണത്തിൽ ചരിത്രത്തിന്റെ പ്രസക്തി ' എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തും. തുടർന്ന് ' നീതിപീഠം നേരിടുന്ന വെല്ലുവിളികൾ, തിരുവിതാംകൂറിന്റെ ചരിത്രം' എന്നീ രണ്ട് വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. സേതുലക്ഷ്‌മീബായിയുടെ സ്‌മരണയ്ക്കായി ഏർപ്പെടുത്തിയ സാഹിത്യപുരസ്‌കാരം എസ്. ഉമാമഹേശ്വരിക്ക് നൽകും. ഉമാമഹേശ്വരി രചിച്ച ' മതിലകം രേഖകൾ ' എന്ന ഗ്രന്ഥമാണ് പുരസ്‌കാരത്തിന് അർഹമായത്. 25000 രൂപയും ശില്പവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് അവാർഡ്.