v

കടയ്ക്കാവൂർ: ചിറയിൻകീഴ് താലൂക്കിലെ കടയ്ക്കാവൂർ റയിൽവേ സ്റ്റേഷൻ താലൂക്ക് സ്റ്റേഷനാക്കണമെന്ന ആവശ്യത്തിന് ഏറെ കാലത്തെ പഴക്കമുണ്ട്. ചിറയിൻകീഴ് പാർലമെന്റ് നിയോജക മണ്ഡലത്തിലെ മലയോര മേഖലകളായ വിതുര, പാലോട്, വെഞ്ഞാറമൂട്, കിളിമാനൂർ, നഗരൂർ, ആറ്റിങ്ങൽ, ആലംകോട്, കാരേറ്റ്‌ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന എൻ.എച്ച് റോഡ്, എം.സി റോഡ് എന്നിവയോട് ചേർന്ന് കിടക്കുന്ന സ്റ്റേഷനാണ് കടയ്ക്കാവൂർ റയിൽവേ സ്റ്റേഷൻ. ഒരുകാലത്ത് വളരെ പ്രൗഡിയോടു കൂടിനിന്ന ഈ സ്റ്റേഷൻ ഇന്ന് അവഗണനയുടെ വക്കിലാണ്. റയിൽവേ ഒരു സ്മാരക സ്റ്റേഷനായിട്ടാണ് കടയ്ക്കാവൂർ സ്റ്റേഷനെ പരിഗണിക്കുന്നത്. കടയ്ക്കാവൂർ റയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ചില ദീർഘ ദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ നൽകിയിട്ടുണ്ട്. നടപ്പാക്കാം എന്ന് ഉറപ്പു നൽകിയ അധികൃതർ പിന്നെ അത് മറക്കും.

മറ്റു ജില്ലകളിൽ ജോലിയുള്ള കടയ്ക്കാവൂരും പരിസര പ്രദേശങ്ങളിലുമുളള ആൾക്കാർ കൊല്ലത്തേയോ തിരുവനന്തപുരത്തേയോ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. റയിൽവേ അധികൃതരുടെ അടിയന്തര ശ്രദ്ധ ഉണ്ടാകണം എന്നതാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.