ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ ഐത്തിയൂർ വാർഡിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ പഞ്ചായത്ത് കമ്മിറ്റിയിൽ ഭിന്നത. സെക്രട്ടറിയോട് തദ്ദേശ ട്രൈബ്യൂണൽ മുമ്പാകെ ഹാജരാകാൻ അറിയിച്ച സാഹചര്യത്തിൽ കേസ് തീരും വരെ ആരും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കേണ്ടന്ന നിലപാടിലാണ് പഞ്ചായത്ത്. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മെമ്പർമാർ യോഗം തീരുന്നതിന് തൊട്ടുമുമ്പ് ഇറങ്ങിപ്പോയി. എന്നാൽ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ഐത്തിയൂർ ജംഗ്ഷനിൽ തന്നെ ലൈറ്റ് സ്ഥാപിക്കണമെന്ന് സി.പി.എമ്മിലെ ഒരു വിഭാഗം മെമ്പർമാർ വാദിച്ചപ്പോൾ സി.പി.എമ്മിലെ മറ്റ് അംഗങ്ങൾ എതിർത്തു. ആഴ്ചകൾക്ക് മുമ്പ് ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ ഐത്തിയൂർ ജംഗ്ഷനിൽ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ തീരുമാനം കൈക്കൊണ്ടിരുന്നു. എം.എൽ.എ അറിയിക്കാതെയുള്ള നടപടിയിൽ വിയോജനക്കുറിപ്പ് നൽകാനോ പ്രതിഷേധം അറിയിക്കാനോ കോൺഗ്രസോ ബി.ജെ.പി മെമ്പർമാരോ തയ്യാറാവാത്തത് രാഷ്ട്രീയ നാടകമെന്ന് ആരോപണമുയർന്നിട്ടുണ്ട്. അനുവദിച്ച സർക്കാർ ഫണ്ടുപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് അടിയന്തരമായി സ്ഥാപിക്കണമെന്നു ബി.ജെ.പി ആവശ്യമുന്നയിച്ചു. ജനകീയ വികസനകാര്യങ്ങളിൽ വാർഡ് മെമ്പറെ പങ്കെടുപ്പിക്കാതെയാണ് എം.എൽ.എ ഫണ്ട് അനുവദിച്ച് പദ്ധതി നടപ്പാക്കുന്നതെന്നും ബി.ജെ.പി, സി.പി.എം മെമ്പർമാർ പഞ്ചായത്ത് കമ്മിറ്റിയിൽ ഉന്നയിച്ചു. തദ്ദേശ സ്വയംഭരണ ട്രൈബ്യൂണൽ മുമ്പാകെ ഇന്ന് ഹാജരായി വിശദീകരണം നൽകാൻ സെക്രട്ടറിക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.
ഐത്തിയൂരിൽ സംഘർഷം
ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഐത്തിയൂരിൽ ഇരുകൂട്ടർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്. ഐത്തിയൂർ സ്വദേശി ഇടതു അനുഭാവിയായ രാജനാണ് (52) പരിക്കേറ്റത്. യു.ഡി.എഫ് അനുഭാവി ആട്ടോ ഡ്രൈവർ ജോയിയും രാജനുമായാണ് വാക്കുതർക്കമുണ്ടായത്. കൈയിലുണ്ടായിരുന്ന കുറുവടികൊണ്ട് ജോയി രാജന്റെ തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ രാജൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ജോയിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. രാജന്റെ കടയ്ക്ക് മുന്നിലാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ അടിസ്ഥാനം തീർത്തിരിക്കുന്നത്. വാർഡ് മെമ്പറെ അനുകൂലിച്ച് ലൈറ്റ് സ്ഥാപിക്കാൻ സഹായം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ജോയി ആക്രമിച്ചത്.