dec19a

ആറ്റിങ്ങൽ: കേരളകൗമുദി, കൗമുദി ടി.വി, സ്വയംവര സിൽക്‌സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മാമം ഗ്രൗണ്ടിൽ ക്രിസ്‌മസ് - ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡിസംബർ ഫെസ്റ്റിന് ഇന്ന് തിരിതെളിയും. വൈകിട്ട് 4ന് അഡ്വ. അടൂർ പ്രകാശ് എം.പി നാടമുറിച്ച് പ്രദർ‌ശന പവലിയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് അഡ്വ.ബി. സത്യൻ എം.എൽ.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ എം. പ്രദീപ് അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി യൂണിറ്റ് ചീഫ് കെ. അജിത് കുമാർ, കേരളകൗമുദി പരസ്യവിഭാഗം കോർപറേറ്റ് മാനേജർ സുധീർകുമാർ, സ്വയംവര സിൽക്‌സ് എം.ഡി ആർ. ശങ്കരൻകുട്ടി,​ കൈരളി ജുവലറി എം.ഡി നാദിർ‌ഷ. എം,​ റിലേഷൻസ് മീഡിയ എം.ഡി നിഖിൽ. എൻ,​ നഗരസഭാ വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, പ്രതിപക്ഷ നേതാവ് എം. അനിൽകുമാർ, വാർഡ് കൗൺസിലർ പ്രിൻസ് രാജ്, എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റ് എസ്. ഗോകുൽദാസ്, ആറ്റിങ്ങൽ ഡിവൈ.എസ്.പി വി. ബേബി, ബി.ജെ.പി ആറ്റിങ്ങൽ ടൗൺ കമ്മിറ്റി പ്രസിഡന്റ് അജിത് പ്രസാദ് എന്നിവർ സംസാരിക്കും. കൗമുദി ടി.വി ബ്രോഡ്കാസ്റ്റിംഗ് ഹെഡ് എ.സി. റെജി സ്വാഗതവും താലൂക്ക് ലേഖകൻ വിജയൻ പാലാഴി നന്ദിയും പറയും. ന്യൂ രാജസ്ഥാൻ മാർബിൾസ്, കൈരളി ജുവലേഴ്സ് എന്നിവരാണ് മേളയുടെ കോ സ്‌പോൺസർമാർ. 92.7 ബിഗ് എഫ്.എമ്മാണ് മേളയുടെ റേഡിയോ പാർട്ണർ. വിസ്‌മയ ചാനൽ പാർട്ണറും ഹൃദയപൂർവം ന്യൂസ് ഓൺലൈൻ ന്യൂസ് പാർട്ണറുമാണ്. ജനുവരി 5 വരെ നടക്കുന്ന മേളയ്‌ക്ക് ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ‌് അതോറിട്ടി ഒഫ് ഇന്ത്യ,​ നാഷണൽ എസ്.ടി / എസ്.ടി ഹബ് എന്നിവയുടെ പൂർണ പിന്തുണയുണ്ട്. അപൂർവയിനം അലങ്കാര മത്സ്യങ്ങളും 150 രാജ്യങ്ങളിലെ വിവിധ അലങ്കാരച്ചെടികളുമാണ് മേളയുടെ പ്രധാന ആകർഷണീയത. ഗൃഹോപകരണങ്ങളുടെ വെറൈറ്റി കളക്‌ഷനുകളും മേളയിലുണ്ട്. ലേഡീസ് കോസ്‌മറ്റിക് ഫാൻസി സ്റ്റാളുകളും കാൺപൂർ ലതർ ബാഗുകളുടെ അപൂർവ കളക്‌ഷനുകളും രാജസ്ഥാൻ ചുരിദാറുകളുടെ വൻ ശേഖരം,​ വെജിറ്റബിൾ കട്ടറുകൾ,​ അപൂർവയിനം സസ്യങ്ങൾ, ഔഷധച്ചെടികൾ തുടങ്ങി നിരവധി പ്രദർശന വിപണന വിസ്‌മയ കാഴ്ചയാണ് ഒരുങ്ങിയിട്ടുള്ളത്. സർക്കാർ വക സ്റ്റാളുകളും ഫെസ്റ്റിൽ ഒരുക്കുന്നുണ്ട്. കലാപരിപാടികൾ ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ പ്രത്യേക സംവിധാനവും ഇവിടെയുണ്ടാകും. എല്ലാ ദിവസവും വൈകിട്ട് കലാപരിപാടികളും അരങ്ങേറും. പ്രവേശനം ശനിയാഴ്ച വൈകിട്ട് 2 മുതൽ ആരംഭിക്കും. വിദ്യാർത്ഥികൾക്കായി സ്‌കൂളുകളിൽ സൗജന്യപാസ് വിതരണം ചെയ്‌തിട്ടുണ്ട്.