ആറ്റിങ്ങൽ: സബ് ജയിൽ പരിസരത്ത് കൂട്ടിയിട്ടിരുന്ന തൊണ്ടിവാഹനങ്ങൾ കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയുണ്ടായ തീപിടിത്തത്തിൽ നിരവധി തൊണ്ടിവാഹനങ്ങൾ കത്തിനശിച്ചു. കച്ചേരി ജംഗ്ഷന് സമീപത്തെ പൊലീസ് ക്വാർട്ടേഴ്സിന് മുന്നിൽ കൂട്ടിയിട്ടിരുന്ന വാഹനങ്ങൾക്കാണ് തീപിടിച്ചത്. വലിയ പുകച്ചുരുളുകൾ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം അരമണിക്കൂറിലേറെ ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പൊലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്നവർ ഈ ഭാഗത്ത് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാണ്. ഇതിൽ നിന്നു തീപടർന്നുവെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സിഗരറ്റോ ബീഡിയോ വലിച്ചെറിഞ്ഞതാവാം തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. നഗരമദ്ധ്യത്തിൽ പുക മൂടിയത് പരിഭ്രാന്തി പരത്തി. നഗരസഭാ ഹെൽത്ത് വിഭാഗം സ്ഥലം സന്ദർശിച്ചു.