ആറ്റിങ്ങൽ: പ്ലാസ്റ്റിക് നിരോധനത്തിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനും ബോധവത്കരണം നടത്തുന്നതിനുമായി പ്ലാസ്റ്റിക്കേ വിട എന്ന പരിപാടി 20 മുതൽ ആരംഭിക്കുമെന്ന് ചെയർമാൻ എം. പ്രദീപ് പറഞ്ഞു. കൗൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ എല്ലാ വീടുകളിലും എത്തി തുണി സഞ്ചികൾ വിതരണം ചെയ്യും. പത്ത് രൂപയ്ക്കാണ് സഞ്ചി നൽകുന്നത്. ആദ്യ ഘട്ടമായി 10,000 സഞ്ചികൾ നൽകാനാണ് പദ്ധതി.
ജനുവരി ഒന്ന് മുതൽ സ്കൂളുകളിൽ പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി എൽ.എം.എസ് സ്കൂളിലെ കുട്ടികളിൽ നിന്നും പ്ലാസ്റ്റിക് കുപ്പികൾ തിരികെ വാങ്ങി സ്റ്റീൽ കുപ്പികൾ നൽകും. ഇതിന് ആവശ്യമായ സ്റ്റീൽ കുപ്പികൾ സ്പോൺസർ ചെയ്തിരിക്കുന്നത് അമർ ആശുപത്രി എം.ഡി ഡോ. പി. രാധാകൃഷ്ണൻ നായരാണ്. പ്ലാസ്റ്റിക് നിരോധന നഗരസഭാ തല ഉദ്ഘാടനം ജനുവരി 1ന് രാവിലെ 10 ന് എൽ.എം.എസ് സ്കൂളിൽ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്യും.