nrc

ദേശീയ പൗരത്വ ഭേദഗതി ബിൽ പാസായതിന് പിന്നാലെ ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നടപ്പാക്കുമെന്ന് പ്രഖ്യാപനങ്ങൾ വന്നുകഴിഞ്ഞു.

 എന്താണ് എൻ.ആർ.സി?

ഇന്ത്യൻ പൗരന്മാരുടെ ദേശീയ രജിസ്റ്ററാണ് എൻ.ആർ.സി. ആസാമിൽ ഇത് നിലവിൽ വന്നു. ഇതുപ്രകാരം നിശ്ചിത യോഗ്യത പൂർത്തിയാക്കാത്ത കുടിയേറ്റക്കാർക്ക് എൻ.ആർ.സിയിൽ അംഗമാകാനാവില്ല. അങ്ങനെയുള്ളവർക്ക് ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾക്ക് അർഹതയുണ്ടാവില്ല. അത്തരക്കാരെ പൊലീസിന് അറസ്റ്റ് ചെയ്ത് അവർ ഏത് രാജ്യത്ത് നിന്ന് കുടിയേറിയോ അങ്ങോട്ട് കയറ്റി വിടാം.

 ആരെയാണ് ബാധിക്കുക?

മതവിവേചനത്തിന്റെ പേരിൽ പാകിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുടിയേറി കുറഞ്ഞത് 5 വർഷമായി

ഇന്ത്യയിൽ കഴിയുന്ന ഹിന്ദു, ക്രിസ്ത്യൻ, സിക്ക്, ബുദ്ധിസ്റ്റ്, ജയിൻ, പാർസി മതക്കാരെ ഇത് ബാധിക്കില്ല. പക്ഷേ, അവിടെ നിന്ന് കുടിയേറിയ മുസ്ളിങ്ങൾ കുറഞ്ഞത് 12 വർഷമെങ്കിലും ഇന്ത്യയിൽ താമസിക്കാത്തവരാണെങ്കിൽ തിരിച്ചുപോകേണ്ടിവരും. അതുപോലെ ഏത് രാജ്യത്തുനിന്നായാലും ഇവിടെ കുടിയേറി രേഖകളില്ലാതെ കഴിയുന്ന ആർക്കും ഇന്ത്യയിൽ തുടരാൻ കഴിയില്ല.

 എൻ.ആർ.സി വരുമ്പോൾ എന്താണ് സംഭവിക്കുക?

ദേശീയ പൗരത്വ രജിസ്റ്ററിൽ അംഗമാകാനുള്ള യോഗ്യതയില്ലാത്തവരെ പൊലീസ് പിടിക്കും. ഇവരെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റും. ആസാമിൽ ഇപ്പോൾ ഇത് നടക്കുന്നുണ്ട്. തുടർന്ന് വിദേശ മന്ത്രാലയം കുടിയേറ്റക്കാരുടെ രാജ്യങ്ങളുമായി ബന്ധപ്പെടും. ഇവർ നൽകിയ വിവരങ്ങൾ വസ്തുതകളുമായി ഒത്തുപോകുന്നതായി കണ്ടാൽ ഇവരെ അതാത് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കും. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ എൻ.ആർ.സി ബിൽ പരിഗണനയ്ക്ക് വരാൻ സാദ്ധ്യതയുണ്ട്. ഇന്ത്യയിൽ ജനിച്ച ആർക്കും ഇത് ഒരു തരത്തിലും ഭീഷണിയാകില്ല.