തിരുവനന്തപുരം: ലോട്ടറി നികുതി ഏകീകരിച്ചതിനെ തുടർന്ന് അന്യസംസ്ഥാന ലോട്ടറി മാഫിയയുടെ കടന്നുകയറ്രം തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. അന്യസംസ്ഥാന ലോട്ടറികളുടെ നിയന്ത്രണം കേന്ദ്ര സർക്കാരിൽ നിന്നു മാറ്രി അതത് സംസ്ഥാന സർക്കാരുകളിൽ നിക്ഷിപ്തമാക്കാൻ ജി.എസ്.ടി നിയമത്തിൽ മാറ്രം വരുത്താൻ സമ്മർദ്ദം ചെലുത്തും. അന്യസംസ്ഥാന ലോട്ടറികളെ പ്രതിരോധിക്കാൻ ലോട്ടറി ഏജന്റുമാരെ വിളിച്ചുകൂട്ടും. സംസ്ഥാന ലോട്ടറി പ്രോത്സാഹിപ്പിക്കാൻ കൂടുതൽ സമ്മാനങ്ങൾ ഏർപ്പെടുത്തുന്നത് ആലോചിക്കും.
ലോട്ടറി നികുതി ഏകീകരിച്ചത് അന്യസംസ്ഥാന ലോട്ടറി മാഫിയയെ സഹായിക്കാനാണെന്ന് ഐസക് ആരോപിച്ചു. ജി.എസ്. ടി കൗൺസിലിൽ വോട്ടെടുപ്പ് നടന്നപ്പോൾ തിരഞ്ഞെടുപ്പു നടക്കുന്ന ജാർഖണ്ഡിൽ നിന്നുള്ള ധനമന്ത്രി പോലും പങ്കെടുത്തു. ലോട്ടറി ഏകീകരിക്കണമെന്ന വാശി ഇതിനു പിന്നിലുണ്ടായിരുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ഇക്കാര്യത്തിൽ കേരളത്തിലെ ബി.ജെ.പി നേതാക്കൾ മറുപടി പറയണം.
നേരത്തെ കേരളത്തിന്റെ നീക്കത്തെ അനുകൂലിക്കാമെന്നേറ്ര കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബും രാജസ്ഥാനും മാറിനിന്നതു കാരണമാണ് ജി.എസ്.ടി കൗൺസിലിൽ തീരുമാനത്തിന് 75 ശതമാനം പിന്തുണ കിട്ടിയതെന്നും ഐസക് പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്കാണ് ലോട്ടറിയിൽ നിന്നുള്ള വരുമാനം ഉപയോഗിക്കുന്നത്. പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെ ഇത് പ്രതികൂലമായി ബാധിക്കും.
ലോട്ടറിയിൽ നിന്ന് പിന്മാറാൻ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് 10 കോടിയോ 20 കോടിയോ വീതം സംസ്ഥാനം നഷ്ടപരിഹാരം നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ആദ്യം അവർ അത് അംഗീകരിച്ചെങ്കിലും പിന്നീട് വോട്ടെടുപ്പിൽ പങ്കെടുത്ത് നികുതി ഏകീകരണത്തെ അനുകൂലിക്കുകയാണ് ചെയ്തത്. കേരളം മറ്രു സംസ്ഥാനങ്ങളിലേക്ക് ലോട്ടറി കൊണ്ടുപോകില്ല. സംസ്ഥാനത്തിനകത്ത് കടലാസ് ലോട്ടറി മാത്രമേ നടത്തൂ എന്നും ഓൺലൈൻ ലോട്ടറികളിലേക്ക് നീങ്ങില്ലെന്നും ഐസക് പറഞ്ഞു.