social-issues
തകർന്ന ചാനൽപ്പാലം –റസ്സൽപ്പുരം റോഡിൽ ട്രാൻസ്ഫോമറിന് സമീപത്തെ അപകടക്കുഴി (ഫയൽ ചിത്രം)

ബാലരാമപുരം: ചാനൽപ്പാലം റസൽപുരം റോഡിലെ കുഴികൾ കാരണം യാത്രക്കാർ ബുദ്ധിമുട്ടാൻ തുടങ്ങിയിട്ട് ഏറെനാളായി. നാട്ടുകാരുടെ പ്രതിഷേധങ്ങൾക്കും പാരാതികൾക്കും ശേഷം ഇപ്പോൾ റോഡിലെ കുഴികൾക്ക് പരിഹാരം കാണാൻ തീരുമാനമായി. പൊതുമരാമത്ത് വകുപ്പ് നെയ്യാറ്റിൻകര സബ് ഡിവിഷന്റെ കീഴിൽ വരുന്ന കോവളം നിയോജകമണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് 25 ലക്ഷം രൂപ അനുവദിച്ചു. റോഡിന്റെ നവീകരണത്തിനുള്ള ഭരണാനുമതിയും കഴിഞ്ഞ ദിവസം ലഭിച്ചു. ടെൻഡർ നടപടികൾ പൂർത്തിയായാൽ ഒരു മാസത്തിനുള്ളിൽ റോഡ് പുനഃരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് മരാമത്ത് അധികൃതർ അറിയിച്ചു.

റസൽപുരം റോഡിൽ ട്രാൻസ്ഫോമറിന് സമീപത്തെ മരണക്കുഴികൾ നാട്ടുകാർക്ക് വെല്ലുവിളിയായിട്ട് കാലങ്ങളായി. വാഹനങ്ങൾ നിറുത്തി നിറുത്തിയാണ് റോഡിലെ കുഴികൾ കടക്കുന്നത്. മഴകൂടി പെയ്താൽ റോഡിലെ കുഴികൾ കാണാനോ അതിന്റെ ആഴമറിയാനോ കവിയാതെ വരും. തെരുവ് വിളക്കുകൾ കൂടി കത്താതായതോടെ രാത്രികാലങ്ങളിൽ ഇതുവഴിയുള്ള ഇരുചക്ര വാഹന യാത്രക്കാർ ഏറെ വെല്ലുവിളി നേരിടുകയാണ്. റോഡിലെ കുഴികളടച്ച് അടിയന്തരമായി നവീകരണപ്രവർത്തനങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ ഭാഗത്തുനിന്നും നിരവധി തവണ പ്രതിഷേധം ഉയർന്നിരുന്നു.

 നടപടി തുടങ്ങി

റസ്സൽപ്പുരം മുതൽ തേമ്പാമുട്ടം വരെയുള്ള 400 മീറ്ററിലാണ് ടാർ ഇടുന്നത്. വലിയകുഴികളുള്ള ഭാഗത്ത് ഉയർന്ന രീതിയിൽ മെറ്റൽപാകി ഉറപ്പ് വരുത്തും. വെള്ളക്കെട്ട് നേരിടുന്ന സ്ഥലത്തും മെറ്റൽപാകി ഉയർത്തും. ട്രാൻസ്ഫോമറിന് സമീപം അപകടകുഴികളുള്ള സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം മെറ്റൽപാകി ഗതാഗതയോഗ്യമാക്കിയിരുന്നു.

റോഡ്...............അനുവദിച്ച ഫണ്ടുകൾ

കോവളം നിയേജകമണ്ഡലത്തിൽ

1)​തേമ്പാമുട്ടം –റസ്സൽപുരം റോഡ്........ (25 ലക്ഷം)​

2)​പുന്നമൂട് –കല്ലിയൂർ റോഡ് ........(80 ലക്ഷം,​ ബി.എം.ആൻഡ്.ബി.സി)​

3)​ പെരിങ്ങമല -കേളേശ്വരം കാണിക്ക കുറ്റിക്ക് സമീപം വെള്ളക്കെട്ട് പരിഹരിക്കാൻ......... (25 ലക്ഷം)​

4)കോട്ടുകാൽ -ഏലാ റോഡ്........... (20 ലക്ഷം)​

നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ

1)​ഓൾഡ് അഞ്ചൽ ഓഫീസ് റോഡ് – അമരവിള......... (25 ലക്ഷം)​

2)​അവണാകുഴി ജംഗ്ഷനിൽ ട്രാഫിക് ഐലന്റ സ്ഥാപനം.......... (2 ലക്ഷം)​

കാട്ടാക്കട നിയോജക മണ്ഡലത്തിൽ

1)​വണ്ടന്നൂർ -റസ്സൽപുരം റോഡ് കുഴിയടക്കൽ........ (10 ലക്ഷം)​

2)​അരിക്കടമുക്ക് – ഇടക്കോട് – മൂക്കുന്നിമല റോഡ്........ (25 ലക്ഷം)​

3)​വണ്ടന്നൂർ - മേലാരിയോട് റോഡ് .....(25 ലക്ഷം)​

4)​നേമം തൃക്കണ്ണാപുരം പാലത്തിന് സമീപം സംരക്ഷണ ഭിത്തി നിർമ്മാണം.......... (25 ലക്ഷം)​

5)​പാപ്പനംകോട് കോട്ടൂരിൽ പാലം- സംരക്ഷണ ഭിത്തി നിർമ്മാണം........ (25 ലക്ഷം)​

ഡിസംബർ 25 ന് മുമ്പ് പണികർ പൂർത്തിയാക്കണം

വിവിധ നിയോജക മണ്ഡലത്തിലെ തകർന്ന റോഡുകൾ ഡിസംബ‌‌ർ 25 ന് മുമ്പ് നിർമ്മാണം പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ് മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് കരാറുകാർക്ക് അടിയന്തരമായി വർക്ക് കൈമാറണമെന്നും നിർദ്ദേശമുണ്ട്.

പരാതിയേറിയ തേമ്പാമുട്ടം –ചാനൽപ്പാലം റോഡ് എത്രയും വേഗം ടാറിടാനാണ് ആലോചിക്കുന്നത്. റോഡിലെ അപകടക്കുഴികൾ നികത്തി താത്കാലികമായി നടപടി സ്വീകരിച്ചിട്ടുണ്ട്. കരാറുകാർ എത്രയും വേഗം വർക്ക് ഏറ്റെടുത്താൽ ചുരുങ്ങിയ കാലയളവിൽ റോഡിന്റെ പണികൾ പൂർത്തീകരിക്കും.

ഗോഡ് വിൻ,​ മരാമത്ത് അസി.എൻജിനിയർ