photo

നെടുമങ്ങാട്: നഗരസഭയിലെ വിവാദ മത്സ്യമാർക്കറ്റും ഫ്രീസർ യൂണിറ്റും പ്രവർത്തന ക്ഷമമാക്കാനുള്ള നടപടികൾ ഊർജിതം. സംസ്ഥാന സർക്കാർ കിഫ്ബിയിൽ വകയിരുത്തിയ 14 കോടി രൂപയുടെ ഉൾനാടൻ മത്സ്യമാർക്കറ്റ് നവീകരണ പദ്ധതിയുടെ ഡി.പി.ആർ പൂർത്തിയാക്കി നഗരസഭ ധനകാര്യവകുപ്പിന് സമർപ്പിച്ചു. ഒന്നര പതിറ്റാണ്ട് മുമ്പ് ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ഇരിഞ്ചയത്ത് പണിത ഉൾനാടൻ മത്സ്യമാർക്കറ്റ് മന്ദിരമാണ് പുനരുദ്ധരിച്ച് ഉപയോഗ പ്രദമാക്കാൻ നഗരസഭ മുന്നോട്ടു വന്നിരിക്കുന്നത്. നെടുമങ്ങാട് ടൗണിലെ മത്സ്യ മൊത്ത വ്യാപാരം ഇവിടേക്ക് മാറ്റാനും ടൗൺ മാർക്കറ്റിൽ ഷോപ്പിംഗ് മാളുകൾ സജ്ജമാക്കാനുമാണ് ഡി.പി.ആറിലെ നിർദേശം. തൃശൂർ ആസ്ഥാനമായുള്ള സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് രൂപകല്പന ചെയ്ത് നിർമ്മാണം പൂർത്തീകരിച്ച ഇരിഞ്ചയം മത്സ്യമാർക്കറ്റും ഫ്രീസർ യൂണിറ്റും 2004 ജനുവരി 27 ന് അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രി കെ.വി. തോമസാണ് ഉദ്ഘാടനം ചെയ്തത്. നഗരസഭ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച മന്ദിരവും അനുബന്ധ സൗകര്യങ്ങളും ഒരു ദിവസം പോലും പ്രവർത്തിപ്പിക്കാനായില്ല.

 ലക്ഷ്യം കാണാതെ ഫ്രീസർ യൂണിറ്റ്

നെടുമങ്ങാട് ടൗൺ മാർക്കറ്റിലേക്ക് കൊണ്ടുവരുന്ന മീൻ കേടാകാതെ ഇരിഞ്ചയം ഫ്രീസർ യൂണിറ്റിൽ സൂക്ഷിച്ച്, പിന്നീട് വില്പനയ്‌ക്കെത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, ഒരു കുട്ട മീൻ പോലും ഫ്രീസറിൽ സൂക്ഷിക്കാനുള്ള യോഗമുണ്ടായില്ല. നെടുമങ്ങാട് ചന്തമുക്കിലെ പ്രധാന മാർക്കറ്റിൽ നിന്നും ഏകദേശം ആറ് കിലോമീറ്റർ മാറിയുള്ള ഇരിഞ്ചയത്ത് മത്സ്യം എത്തിക്കാൻ വില്പനക്കാരും ഏജന്റുമാരും തയാറായില്ല. നിലവിൽ മത്സ്യമാർക്കറ്റും പരിസരവും കാടുപിടിച്ച് കിടക്കുകയാണ്. ഫ്രീസർ യൂണിറ്റിന്റെ ഭാഗങ്ങളെല്ലാം തുരുമ്പെടുത്ത് നശിച്ചു. കെട്ടിടം ഇടിഞ്ഞുപൊളിഞ്ഞ് സാമൂഹ്യവിരുദ്ധരുടെ താവളമായി.

 ശോചനീയാവസ്ഥയും നീങ്ങും

നവീകരണ പദ്ധതി നടപ്പിലായാൽ മഞ്ച- അരുവിക്കര റോഡിൽ ഗതാഗതം തടസപ്പെടുത്തി വർഷങ്ങളായി അരങ്ങേറുന്ന ഹോൾസെയിൽ മത്സ്യക്കച്ചവടം ഇരിഞ്ചയം ഉൾനാടൻ മാർക്കറ്റിലേക്ക് മാറും. ഗതാഗതകുരുക്ക് അഴിക്കുന്നതിനു പുറമെ ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച മത്സ്യ മാർക്കറ്റും ഫ്രീസർ യൂണിറ്റും ഉപയോഗപ്രദമാക്കാനും കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ചന്തമുക്കിലെ പരമ്പരാഗത മാർക്കറ്റിന്റെ നിലവിലെ ശോചനീയാവസ്ഥയ്ക്കും ഇതോടെ പരിഹാരമാവും. മത്സ്യ,മാംസാവശിഷ്ടങ്ങൾ കൂമ്പാരം കൂടി മലിനജലം പൊതുറോഡുകളിൽ തളം കെട്ടി ദുർഗന്ധം പരത്തുന്ന കാഴ്ചയാണ് ചന്തയിൽ.മുട്ടറ്റം മാലിന്യത്തിനു മീതെ വിരിവച്ച് ഉല്പന്നങ്ങൾ വിൽക്കുന്ന കാഴ്ച മനം മടുപ്പിക്കുന്നതാണ്. നഗരസഭ ഗുണഭോക്തൃ വിഹിതമായി തനതു ഫണ്ടിൽ നിന്ന് അഞ്ച് കോടി രൂപയും ഇതിനായി ചെലവിടും.

പ്രതികരണം
------------------
''ഹോൾസെയിൽ മാർക്കറ്റായി മാറുന്നതോടെ കച്ചവടക്കാർക്കും മറ്റും ഇരിഞ്ചയം ഉൾനാടൻ മാർക്കറ്റ് ഏറെ സൗകര്യ പ്രദമാവുമെന്നാണ് പ്രതീക്ഷ. കച്ചവടക്കാരുടെയും നാട്ടുകാരുടെയും അഭിപ്രായം സ്വരൂപിച്ചതിന് ശേഷമാണു ഇരിഞ്ചയത്ത് ഹോത്സയിൽ വ്യാപാരം സജ്ജമാക്കാൻ തീരുമാനിച്ചത്. പദ്ധതിക്ക് എല്ലാഭാഗത്ത് നിന്നും തികഞ്ഞ പ്രോത്സാഹനമാണ് ലഭിക്കുന്നത്""

---പി. ഹരികേശൻ നായർ (സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, നഗരസഭ)

 കിഫ്‌ബി അനുവദിച്ചത് ...........14 കോടി

നഗരസഭ ഫണ്ട് ......... 5 കോടി

 നടപടി .......15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ

 ഉൾനാടൻ മത്സ്യമാർക്കറ്റ് നവീകരണ പദ്ധതിക്ക് ഡി.പി.ആർ തയാർ

പൊതുനിരത്തിൽ മത്സ്യവിപണന കുരുക്കഴിയും

ഷോപ്പിംഗ് മാൾ നിർമ്മാണവും പദ്ധതിയുടെ ഭാഗം