തിരുവനന്തപുരം: വട്ടിയൂർക്കാവ് തിട്ടമംഗലം സ്വദേശി അനന്തുഭദദ്രന്റെ (23) മരണം കൊലപാതകമാണെന്നും കേസിൽ പൊലീസ് ഒത്തുകളിക്കുകയാണെന്നും മാതാവ് അനിതാദേവി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 2019 ഫെബ്രുവരി രണ്ടിനാണ് അനന്തുഭദ്രൻ മരിച്ചത്. വീട്ടിനുള്ളിൽ തൂങ്ങി മരിച്ചെന്നായിരുന്നു പൊലീസ് നിഗമനം. എന്നാൽ ഫോട്ടോഗ്രാഫറും ഡിസൈനറുമായ മകൻ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് മാതാവ് പറയുന്നത്. പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ മുറിവും ചതവും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അതെങ്ങനെ ഉണ്ടായെന്ന് പൊലീസ് വ്യക്തമാക്കുന്നില്ലെന്ന് ഇവർ പറയുന്നു. ഉയരമുള്ള സീലിംഗിൽ കസേരയുടെയോ മേശയുടെയോ സഹായമില്ലാതെ മകൻ എങ്ങനെയാണ് ബെഡ്ഷീറ്റ് കെട്ടിയതെന്നും ഇവർ ചോദിക്കുന്നു. മലയിൻകീഴ് പൊലീസിൽ പരാതി നൽകിയിട്ടും വീട് സീൽ ചെയ്യുന്നതിനോ തെളിവുകൾ ശേഖരിക്കുന്നതിനോ പൊലീസ് തയാറായില്ലെന്ന് ഇവർ ആരോപിച്ചു. ഏപ്രിൽ 30ന് ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. തെളിവ് നശിപ്പിക്കാൻ ചിലർ ശ്രമിച്ചെന്നും മകന്റെ മരണത്തിൽ സുഹൃത്തുക്കളിൽ ചിലർക്ക് പങ്കുണ്ടെന്നും അനിതാദേവി പറഞ്ഞു. നീതി ആവശ്യപ്പെട്ട് ജനുവരി ഒന്നിന് സെക്രട്ടേറിയറ്റിനു മുന്നിൽ സത്യാഗ്രഹം നടത്തുമെന്നും അവർ പറഞ്ഞു.