cristiano
cristiano

കഴിഞ്ഞ രാത്രി ഇറ്റാലിയൻ സെരി എ ഫുട്ബാൾ മത്സരത്തിൽ സാംപഡോറിയയ്ക്ക് എതിരെ നടന്ന മത്സരത്തിൽ യുവന്റസിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അവിസ്മരണീയ ഹെഡറിലൂടെ ഗോൾ നേടുന്നു. കളരിയിലെ പെരുമലക്കത്തെ ഒാർമ്മിപ്പിക്കുന്ന രീതിയിൽ തറയിൽനിന്ന് കുതിച്ചുയർന്നുചാടി എതിർ ഡിവൻഡറുടെ തലയ്ക്ക് മുകളിലൂടെ പറന്നാണ് ക്രിസ്റ്റ്യാനോ ഗോൾ നേടിയത്. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരാണ് ക്രിസ്റ്റ്യാനോയുടെ പറക്കും ഹെഡർ ഗോൾ ആവർത്തിച്ചുകണ്ടത്. ഗുരുത്വാകർഷണത്തെ തോൽപ്പിച്ചുവെന്ന രീതിയിൽ നിരവധി ഗോളുകളുമുണ്ടായി. ക്രിസ്റ്റ്യാനോയുടെ വായുവിലെ അഭ്യാസം ഇതാദ്യമായല്ല, യുവന്റസിനെതിരെ ചാമ്പ്യൻസ് ലീഗിൽ അന്തരീക്ഷത്തിലുയർന്നു ചാടിയുള്ള ബൈസിക്കിൾ കിക്കിലൂടെ ഗോൾ നേടി ക്രിസ്റ്റ്യാനോ വിസ്മയിപ്പിച്ചിരുന്നു. ക്രിസ്റ്റ്യാനോ എയർലൈൻസ് എന്നാണ് ഇൗ പറക്കും താരത്തെ പലരും വിശേഷിപ്പിച്ചത്.

2.56

മീറ്റർ ചാടി ഉയർന്നാണ് ക്രിസ്റ്റ്യാനോ ലെഫ്‌റ്റ് വിംഗിൽ നിന്ന് അലക്സ് സാൻട്രോ ഉയർത്തി വിട്ട ക്രോസിന് തലവച്ചത്.

71

തറനിരപ്പിൽ നിന്ന് 71 സെന്റിമീറ്റർ ഉയരത്തിലായിരുന്നു ക്രിസ്റ്റ്യാനോയുടെ കാലുകൾ വലിയ റണ്ണപ്പൊന്നുമില്ലാതെയാണ് ക്രിസ്റ്റ്യാനോ ഇത്രയും ഉയരത്തിലേക്ക് ചാടിയത്.

180

സെന്റീമീറ്റർ (ആറടി)യാണ് ക്രിസ്റ്റ്യാനോയെ തടുക്കാനുണ്ടായിരുന്ന ഡിഫൻഡർ നിക്കോള മുറുവിന്റെ ഉയരം. ഇതിന് മുകളിലേക്കാണ് ക്രിസ്റ്റ്യാനോ പറന്ന് ഒഴുകിയിറങ്ങി ഹെഡ് ചെയ്തത്.

187

സെന്റീമീറ്ററാണ് ക്രിസ്റ്റ്യാനോയുടെ ഉയരം. 34-ാം വയസിലാണ് ക്രിസ്റ്റ്യാനോ ഇത്തരത്തിലുള്ള അക്രോബാറ്റിക് പ്രകടനം കാഴ്ചവച്ചിരിക്കുന്നത്. സെക്കൻഡുകളോളം ക്രിസ്റ്റ്യാനോ അന്തരീക്ഷത്തിൽ തന്നെയായിരുന്നു.

2-1

മത്സരത്തിൽ യുവന്റസ് വിജയിച്ച മാർജിൻ. 19-ാം മിനിട്ടിൽ ഡൈബാലയിലൂടെ യുവന്റസ് മുന്നിലെത്തി. 35-ാം മിനിട്ടിൽ കപ്രാരി സമനില പിടിച്ചു. 45-ാം മിനിട്ടിൽ ക്രിസ്റ്റ്യാനോയുടെ വിസ്മയ ഗോളിലൂടെ യുവന്റസിന് വിജയം.