ഉള്ളൂർ: മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷന് സമീപത്തെ മിൽമ ബൂത്ത് കുത്തിത്തുറന്ന് മോഷണം നടത്തിയവർ രണ്ടാം മോഷണ ശ്രമത്തിനിടെ പിടിയിലായി. മിൽമ ബൂത്തുടമയുടെ വളർത്ത് മകളുടെ മകൻ നെൽസൺ (18), സുഹൃത്ത് വിഴിഞ്ഞം മുക്കോല ഒസ്താവിള കോളനിയിൽ രാജേഷ് (18) എന്നിവരാണ് പിടിയിലായത്. മെഡിക്കൽ കോളേജ് എസ്.ഐ ആർ.എസ്. ശ്രീകാന്തിന് ലഭിച്ച വിവരത്തെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിക്ക് നടത്തിയ പട്രോളിംഗിനിടെയാണ് ഇരുവരെയും മിൽമ ബൂത്തിനുള്ളിൽ മോഷണ ശ്രമത്തിനിടെ പിടികൂടിയത്. ഏതാനും മാസം മുമ്പ് മിൽമാ ബൂത്തിലെ പൂട്ട് പൊളിച്ച് 60,000 രൂപ കവർച്ച ചെയ്ത കേസിൽ അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്തിയില്ല. ഇതിന്റെ ബലത്തിലാണ് ഇരുവരും വീണ്ടും ഇവിടെത്തന്നെ കവർച്ചയ്ക്ക് എത്തിയത്. കടയിൽ ഇടയ്ക്ക് സഹായിക്കാനും മറ്റും എത്താറുള്ള നെൽസന് പണം സൂക്ഷിക്കുന്ന സ്ഥലവും മറ്റും കൃത്യമായി അറിയാം. രണ്ടു പേരെ രാത്രി സംശയാസ്പദ സാഹചര്യത്തിൽ കണ്ടെന്ന വിവരം ലഭിച്ചതോടെ മെഡിക്കൽ കോളേജ് പൊലീസ് സംഘം പ്രദേശത്ത് പട്രോളിംഗ് നടത്തിയതോടെയാണ് മോഷണം പാളിയത്. കടയുടെ പൂട്ട് പൊളിച്ച് ഇരുവരും കടയ്ക്കുള്ളിൽ കയറി പണം സൂക്ഷിക്കുന്ന മേശയുടെ പൂട്ട് പൊളിക്കുന്നതിനിടെയാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി.