formalin2


തിരുവനന്തപുരം: മൃതദേഹം കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ കലർത്തിയ രണ്ടര ടൺ മത്സ്യം നഗരസഭ ഹെൽത്ത് വിഭാഗത്തിന്റെ ഓപ്പറേഷൻ ഈഗിൾ ഐ സ്ക്വാഡ് പിടിച്ചു. ഇന്നലെ പുലർച്ചെ പട്ടത്ത് വാഹന പരിശോധനയ്ക്കിടെയാണ് കർണാടക രജിസ്ട്രേഷൻ ലോറിയിൽ 95 പെട്ടികളിലായി കൊണ്ടുവന്ന നവര മത്സ്യം പിടികൂടിയത്. സ്ക്വാഡിന്റെ പക്കലുണ്ടായിരുന്ന ഫോർമാലിൻ ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മത്സ്യത്തിൽ ഫോർമാലിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ലോറിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെ ഈഗിൾ ഐ സ്ക്വാഡ് ചോദ്യം ചെയ്തു. പാങ്ങോട് മാർക്കറ്റിൽ വിൽപ്പനയ്ക്കായി മംഗലാപുരത്ത് നിന്ന് രണ്ട് ദിവസം മുമ്പ് കയറ്റിവിട്ട മത്സ്യമാണ് ഇതെന്ന് ഇവർ വെളിപ്പെടുത്തി.

ക്രിസ്മസിനോട് അനുബന്ധിച്ച് നഗരത്തിലെ മാർക്കറ്റുകളിലും ഹോട്ടലുകളിലും ബേക്കറികളിലും നടത്തിവരുന്ന പരിശോധനയുടെ ഭാഗമായാണ് മാർക്കറ്റുകളിലെത്തിക്കാൻ കൊണ്ടുവന്ന മത്സ്യവും പരിശോധിച്ചത്. നഗരസഭാ മാർക്കറ്റുകളിൽ വിൽപ്പന നടത്തുന്ന മത്സ്യങ്ങളിൽ ഫോർമാലിൻ സാന്നിദ്ധ്യം നേരെത്തെ കണ്ടെത്തിയിരുന്നു. ഇതിനെതുടർന്നാണ് മൊത്തവിതരണ വാഹനത്തിൽ പരിശോധന നടത്തിയത്. ഇൻസുലേറ്റ‌ഡ് വാനായിരുന്നെങ്കിലും ഫ്രീസർ സംവിധാനം ഉണ്ടായിരുന്നില്ല. ഫോർമാലിനും ഐസും കലർത്തി മത്സ്യം പ്ളാസ്റ്റിക് ബോക്സുകളിൽ നിറയ്ക്കുകയായിരുന്നു .

പിടികൂടിയ മത്സ്യം വാഹനം സഹിതം നഗരസഭാ ഓഫീസിലെത്തിച്ച് മത്സ്യം കുഴിച്ചുമൂടി. മത്സ്യം കൊണ്ടുവന്നയാളിന് 25,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർമാരായ സുജിത്ത് സുധാകരൻ, ഷാജി കെ. നായർ. മിനു.എസ്.എസ്. ജി.മിത്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അജി, രാജേഷ്, ഷജി .എം.എസ് , സൈജു, കീൻ എസ്. പവിത്രൻ എന്നിവരാണ് സ്ക്വാഡിലുണ്ടായിരുന്നത്.

ക്രിസ്മസ് അടുത്തിരിക്കെ, ഇത്തരത്തിൽ ഫോർമാലിൻ മത്സ്യം കൂടുതലായി വിപണിയിൽ എത്താൻ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് നഗരസഭ. അതിനാൽ പരിശോധന ശക്തമായി തുടരും. കൂടുതൽ സ്‌ക്വാഡ് ഉടൻ രൂപീകരിക്കുമെന്ന് മേയർ കെ. ശ്രീകുമാർ അറിയിച്ചു.