cartoon

തിരുവനന്തപുരം: പൊലീസുമായി ബന്ധപ്പെട്ട കാർട്ടൂണുകൾ കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രദ‍ർശിപ്പിക്കുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കാർട്ടൂണിസ്റ്റ് ഹക്കു വരച്ച പൊലീസിനെക്കുറിച്ചുള്ള കാർട്ടൂണുകളുടെ സമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ 481 സ്​റ്റേഷനുകളിലും ഇത്തരം കാർട്ടൂണുകൾ പ്രദർശിപ്പിക്കും. പൊലീസ് സ്​റ്റേഷനുകളിൽ സന്ദർശകർക്ക് വ്യക്തമായി കാണുന്ന തരത്തിലായിരിക്കും അത്. തമ്പാനൂർ പൊലീസ് സ്​റ്റേഷനായി പണിയുന്ന പുതിയ കെട്ടിടസമുച്ചയത്തിലും കാർട്ടൂണുകൾ സ്ഥാപിക്കും. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എ.ഡി.ജി.പി മനോജ് എബ്രഹാം, ലളിതകലാ അക്കാഡമി എക്‌സിക്യൂട്ടീവ് കമ്മി​റ്റി അംഗം കാരയ്ക്കാമണ്ഡപം വിജയകുമാർ, കാർട്ടൂണിസ്​റ്റുമാരായ ടി.കെ. സുജിത്ത്, പ്രതാപൻ പുളിമാത്ത് എന്നിവർ പങ്കെടുത്തു.