കഴക്കൂട്ടം: കലാപരമായ കഴിവുകൾ വളർത്തിയാൽ ഭിന്നശേഷി കുട്ടികളുടെ മാനസിക, ബൗദ്ധിക നിലകളിൽ മാറ്റം സംഭവിക്കുമെന്ന് ഡിഫറന്റ് ആർട് സെന്ററിലൂടെ തെളിയിച്ചിരിക്കുകയാണെന്ന് മന്ത്റി കെ.കെ ശൈലജ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ മാജിക് പ്ലാനറ്റിലെ ഭിന്നശേഷി കുട്ടികൾക്കായി ആരംഭിച്ച ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്റി. മേയർ കെ.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ജോസ്.ജി. ഡിക്രൂസ്, പ്രോഗ്രാം മാനേജർ ഡോ.പി.വി അരുൺ, മാജിക് അക്കാഡമി എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല, പ്രഹ്ലാദ് ആചാര്യ തുടങ്ങിയവർ പങ്കെടുത്തു. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ.മുഹമ്മദ് അഷീൽ സ്വാഗതവും മാജിക് അക്കാഡമി ഡയറക്ടർ നന്ദിയും പറഞ്ഞു.