rupees

തിരുവനന്തപുരം: വടകര ജോയിന്റ് ആർ.ടി ഓഫീസിൽ ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിനായി ഏജന്റുമാരെത്തിച്ച ഇരുപതിനായിരം രൂപ മിന്നൽപരിശോധനയിൽ വിജിലൻസ് പിടിച്ചെടുത്തു. ജീവനക്കാർ ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡ്രൈവിംഗ് ലൈസൻസ് വാങ്ങാനെത്തുന്നവരിൽ നിന്ന് 100 രൂപയും വാഹന രജിസ്ട്രേഷന് 300 രൂപയും ഏജന്റുമാർ പിരിച്ച് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരെ ഏല്പിക്കുന്നതായാണ് വിവരം ലഭിച്ചത്. കോഴിക്കോട് വിജിലൻസ് സ്‌പെഷ്യൽ സൂപ്രണ്ട് ശശിധരന്റെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി ഷാജി വർഗീസിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് 4ന് നടത്തിയ പരിശോധനയിൽ ജോയിന്റ് ആർ.ടി ഒ സുരേഷിന്റെ കാബിനിൽ വച്ച് കൈക്കൂലിയുമായെത്തിയ ഏജന്റുമാരായ മനോജ്, ചന്ദ്രൻ, സൂര്യനാരായണൻ എന്നിവരെ പിടികൂടുകയായിരുന്നു. പരിശോധനയിൽ ഇൻസ്‌പെക്ടർ സജീവൻ, അസി. സബ് ഇൻസ്‌പെക്ടർ അമൃത സാഗർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ശൈലേഷ്, ബിജു എന്നിവരും പങ്കെടുത്തു.
വിശദമായ റിപ്പോർട്ട് മേൽനടപടികൾക്കായി സർക്കാരിന് അയക്കുമെന്ന് വിജിലൻസ് ഡയറക്ടർ അനിൽകാന്ത് അറിയിച്ചു.