നെയ്യാറ്റിൻകര: മാലിന്യ നിക്ഷേപം രൂക്ഷമായതിനെ തുടർന്ന് വൃത്തിയാക്കിയ സ്ഥലത്ത് നഗരസഭയുടെ നേതൃത്വത്തിൽ വീണ്ടും മാലിന്യം നിക്ഷേപിക്കാനെത്തിയത് നാട്ടുകാർ തടഞ്ഞു. അമരവിള പഴയപാലത്തിന് സമീപമായിരുന്നു സംഭവം. ഇവിടെ മാലിന്യം നിക്ഷേപം പതിവായതോടെ വ്ലാങ്ങാമുറി വാർഡ് കൗൺസിലർ ഗ്രാമം പ്രവീണിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നാട്ടുകാർ പാലത്തിന് ചുറ്റുമുള്ള പ്രദേശം ശുചിയാക്കിയിരുന്നു. തുടർന്ന് ടൗണിലെ ഒരു റിട്ട.സർക്കാർ ജീവനക്കാരൻ മാലിന്യം കൊണ്ടിട്ടത് നാട്ടുകാർ തടയുകയും അതു വഴി വന്ന മുനിസിപ്പൽ ചെയർപേഴ്സൺ നഗരസഭാ ഹെൽത്ത് സ്വാഡിനെ വിളിച്ചു വരുത്തി പിഴ ഈടാക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളൊന്നും അറിയാതെ ഇന്നലെ നഗരസഭാ ജീവനക്കാർ ഇവിടെ മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ചതാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്. തുടർന്ന് നഗരസഭാ ഉദ്യോഗസ്ഥരും ചെയർപേഴ്സണും സ്ഥലത്തെത്തി ഇനി മാലിന്യ നിക്ഷേപിക്കില്ലെന്ന് ഉറപ്പു നൽകിയതോടെയാണ് ലോറി വിട്ടയച്ചത്.