ബാഴ്സലോണയും റയൽമാഡ്രിഡും ഗോൾരഹിത
സമനിലയിൽ പിരിഞ്ഞു
0-0
കാംപ്നൗ : ആവേശത്തോടെ കാത്തിരുന്ന ആരാധകരെ തീർത്തും നിരാശപ്പെടുത്തി ലാലിഗ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിൽ നടന്ന സീസണിലെ ആദ്യ എൽക്ളാസിക്കോ മത്സരം അപൂർവമായ ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും പോയിന്റ് പങ്കുവച്ച് പിരിഞ്ഞതോടെ പോയിന്റ് പട്ടികയിൽ ഒരു മാറ്റവും വന്നില്ല. തുല്യപോയിന്റുകളുണ്ടെങ്കിലും ബാഴ്സലോണ ഗോൾ വ്യത്യാസത്തിന്റെ മികവിൽ ഒന്നാമതും റയൽ മാഡ്രിഡ് രണ്ടാമതും തുടരുന്നു.
ഒക്ടോബറിൽ നടക്കേണ്ടിയിരുന്ന മത്സരം കാറ്റലൻ പ്രക്ഷോഭങ്ങളെ തുടർന്നാണ് ഇന്നലത്തേക്ക് മാറ്റിയിരുന്നത്. ഇന്നലെ മത്സരത്തിന് മുമ്പും ശേഷവും പ്രക്ഷോഭകർ ബാഴ്സലോണ നഗരത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. മത്സരത്തിനിടെ ബീച്ച് ഗെയിംസിന് ഉപയോഗിക്കുന്ന പന്തുകൾ ഗ്രൗണ്ടിലേക്ക് എറിഞ്ഞ് ചിലർ പ്രശ്നമുണ്ടാക്കിയതോടെ അല്പസമയം കളി നിറുത്തിവയ്ക്കേണ്ടിയും വന്നിരുന്നു.
ബാഴ്സലോണയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകൾക്കും സ്കോർ ചെയ്യാനായില്ലെങ്കിലും കൂടുതൽ നിരാശപ്പെടുത്തിയത് റയൽ മാഡ്രിഡാണ്. പലപ്പോഴും ബാഴ്സലോണയുടെ തന്ത്രങ്ങളെ മറികടന്ന് ബോക്സിനടുത്തെത്തിയ റയൽ താരങ്ങൾക്ക് പക്ഷേ കിട്ടിയ അവസരങ്ങൾ പ്രയോജനപ്പെടുത്താനായില്ല. റയലിന്റെ രണ്ട് പെനാൽറ്റി അപ്പീലുകൾ നിഷേധിച്ച റഫറി ഗാരേത്ത് ബെയ്ൽ ബാഴ്സലോണ വലയിൽ പന്തെത്തിച്ചപ്പോൾ ഒഫ് സൈഡ് വിളിക്കുകയും ചെയ്തു
ആദ്യപകുതിയിൽ 12 ഷോട്ടുകളാണ് റയൽ മാഡ്രിഡ് എതിർ ഗോൾ മുഖത്തേക്ക് ഉതിർത്തത്. ഇതിൽ കാസിമെറോയുടെ ഒരു ശ്രമം ജെറാഡ് പിക്വെ ഗോൾ ലൈനിനരികിൽ വച്ചാണ് തട്ടിയകറ്റിയത്. മറുവശത്ത് ലയണൽ മെസിയെ മാത്രം ആശ്രയിച്ചാണ് ആദ്യപകുതിയിൽ ബാഴ്സലോണ കളിച്ചത്. പിന്നീട് ജോർഡി ആൽബയ്ക്കൊപ്പം ചില മുന്നേറ്റങ്ങൾ നടത്തിയത് ഫലപ്രാപ്തിയിലെത്തിയില്ല.
17 മത്സരങ്ങളിൽ നിന്ന് 36 പോയിന്റാണ് ബാഴ്സയ്ക്കും റയലിനുമുള്ളത്. മൂന്നാം സ്ഥാനക്കാരായ സെവിയ്യയ്ക്ക് 31 പോയിന്റും.
2002
നുശേഷം ആദ്യമായാണ് ഒരു എൽ ക്ളാസ്ക്കോ മത്സരം ഗോൾരഹിത സമനിലയിൽ കലാശിക്കുന്നത്. 2002 നവംബറിൽ നടന്ന ആ എൽക്ളാസിക്കോയ്ക്ക് മുമ്പ് ബാഴ്സയിൽ നിന്ന് മാറി റയലിൽ ചേർന്ന പോർച്ചുഗീസ് താരം ലൂയിസ് ഫിഗോയെ മത്സരത്തിനിടെ ബാഴ്സലോണ ആരാധകൻ
വന്നിയുടെ തലകൊണ്ട്
എറിഞ്ഞിരുന്നു.
പോയിന്റ് നില
ടീം, കളി പോയിന്റ് ക്രമത്തിൽ
ബാഴ്സലോണ 17-36
റയൽ മാഡ്രിഡ് 17-36
സെവിയ്യ 17-31
ഗെറ്റാഫെ 17-30
അത്‌ലറ്റിക്കോ 17-29
സോസിഡാഡ് 17-28.