തിരുവനന്തപുരം : രാജ്യ മനസാക്ഷിക്ക് മുറിവേറ്റ അവസ്ഥയാണിപ്പോഴുള്ളതെന്നും പൗരന്മാർക്ക് ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് നടക്കുന്നതെന്നും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. പൗരത്വഭേദഗതി നിയമം റദ്ദാക്കണമെന്ന ആവശ്യമുയർത്തി എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധകൂട്ടായ്മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം അഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സർക്കാരിന് കഴിയുന്നില്ല. തൊഴിലില്ലായ്മ രൂക്ഷമായ അവസ്ഥയിലാണ്. വിദ്യാർത്ഥികളടക്കമുള്ള യുവതലമുറ സമരരംഗത്തിറങ്ങിയതിന് പിന്നിൽ ഇത്തരം അരക്ഷിതത്വ ബോധമാണ്. തകർന്നു വീണുകൊണ്ടിരിക്കുന്ന വീടിന്റെ കഴുക്കോൽ ഊരിയെടുക്കുന്നതുപോലുള്ള കുത്തക മുതലാളിമാരുടെ ശ്രമങ്ങൾക്ക് ഒത്താശചെയ്യുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷത വഹിച്ചു. സി. ദിവാകരൻ എം.എൽ.എ, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ജി.ആർ. അനിൽ, ഡോ. എ. നീലലോഹിതദാസൻ നാടാർ, മാങ്കോട് രാധാകൃഷ്ണൻ, എം. വിജയകുമാർ, എൻ. രാജൻ, ആന്റണി രാജു, സി.പി. നാരായണൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, എം.എം. മാഹീൻ, ബി. സുരേന്ദ്രൻ പിള്ള, പാളയം രാജൻ എന്നിവർ പങ്കെടുത്തു.