liverpool
liverpool

ദോഹ : ഖത്തറിൽ നടക്കുന്ന ഫിഫ ക്ളബ് വേൾഡ് കപ്പ് ഫുട്ബാളിൽ ഇംഗ്ളീഷ് ക്ളബ് ലിവർപൂൾ ഫൈനലിലേക്ക് എത്തി. ഇന്നലെ നടന്ന മത്സരത്തിൽ മെക്സിക്കൻ ക്ളബ് മോണ്ടെറെറിയെ 2-1ന് തോൽപ്പിച്ചാണ് ലിവർപൂൾ കലാശക്കളിക്ക് ടിക്കറ്റ് എടുത്തത്.

പരിക്കുകാരണം സെന്റർ ബാക്ക് വിർജിൽ വാൻഡിക്കിനെ ബെഞ്ചിലിരുത്തി ഇറങ്ങിയ ലിവർപൂളിന് 12-ാം മിനിട്ടിൽ സാലായുടെ പാസിൽനിന്ന് നബി കെയ്‌ത ലീഡ് നൽകി. എന്നാൽ രണ്ട് മിനിട്ടിനകം റൊഗേലിയോ ഫ്യൂനസ് മോരിയിലൂടെ മെക്സിക്കൻ ക്ളബ് സമനില പിടിച്ചു. രണ്ടാംപകുതിയിൽ മോണ്ടെറെറിയുടെ ഗോൾ ശ്രമങ്ങൾ ലിവർപൂൾ ഗോളി ആലിസൺ ഫലപ്രദമായി തടഞ്ഞു. 85-ാം മിനിട്ടിൽ പകരക്കാരനായിറങ്ങിയ ഫിർമിനോ ഇൻജുറി ടൈമിലാണ് ലിവർപൂളിന്റെ വിജയഗോൾ നേടിയത്.

ശനിയാഴ്ച നടക്കുന്ന ക്ളബ് ലോകകപ്പിന്റെ, ഫൈനലിൽ ബ്രസീലിയൻ ക്ളബ് ഫ്ളെമിം ഗോയാണ് ലിവർപൂളിന്റെ എതിരാളികൾ. 1981 ലെ ഇന്റർ കോണ്ടിനെന്റൽ കപ്പിന്റെ ഫൈനലിൽ ഫ്ളെമിംഗോ 3-0ത്തിന് ലിവർപൂളിനെ തോൽപ്പിച്ചിരുന്നു.

മാഞ്ചസ്റ്റർ സിറ്റിയും

യുണൈറ്റഡും സെമിയിൽ

ലണ്ടൻ : കഴിഞ്ഞരാത്രി നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഒാക്സ‌്ഫഡ് യുണൈറ്റഡിനെ 3-1ന് തകർത്ത് മാഞ്ചസ്റ്റർ സിറ്റിയും കോൾഷർ യുണൈറ്റഡിനെ 3-0 ത്തിന് തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡും ഇംഗ്ളീഷ് ലീഗ് കപ്പ് ഫുട്ബാളിന്റെ സെമിയിലെത്തി. മറ്റൊരു ക്വാർട്ടറിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് എവർട്ടനെ കീഴടക്കി ലെസ്റ്റർ സിറ്റിയും സെമിയിൽ ഇടംപിടിച്ചു.