ചിറയിൻകീഴ്: നിർദ്ധന രോഗികളുടെ ആശ്രയ കേന്ദ്രമായ അഴൂർ ഗാന്ധിസ്മാരകം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മതിയായ ‌ഡോക്ടർമാരില്ലാത്തത് രോഗികളെ വലയ്ക്കുന്നു. ഒരു ഡോക്ടർ മാത്രമാണ് ഇവിടെ സേവനം ചെയ്യുന്നത്. ഇതുകാരണം ഇവിടെയെത്തുന്ന രോഗികൾക്ക് മണിക്കൂറുകൾ കാത്തുനിന്നുവേണം ഡോക്ടറിനെ കാണാൻ. ഡോക്ടർ പത്മപ്രസാദ് ജനകീയനായതിനാൽ ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണവും ദിനം പ്രതി വർദ്ധിച്ചുവരികയാണ്.

ഇവിടുത്തെ രോഗികളുടെ അത്ര ബാഹുല്യമില്ലാത്ത പി.എച്ച്.സിയിൽ പോലും ഒന്നിലധികം ഡോക്ടർമാർ ഉള്ളപ്പോൾ ഈ ആശുപത്രിയെ അധികൃതർ അവഗണിക്കുകയാണ്. രണ്ടേക്കറോളം സ്ഥലത്താണ് പി.എച്ച്.സി പ്രവർത്തിക്കുന്നത്. പി.എച്ച്.സിയുടെ പദവി ഉയ‌ർത്തി 20 കിടക്കകൾ ഉള്ള ഒരാശുപത്രി ആക്കണമെന്ന ആവശ്യം ശക്തമാണ്. ഈ ആവശ്യം ഉന്നയിച്ചും പഞ്ചായത്ത് കമ്മിറ്റി പലകുറി ബന്ധപ്പെട്ടവർക്ക് പരാതി നൽകിയതാണ്. കയർ തൊഴിലാളികളും കൂലിവേലക്കാരും പട്ടികജാതിക്കാരും തിങ്ങിപ്പാർക്കുന്ന ഈ മേഖലയിൽ അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നടപടിയുണ്ടായാൽ പ്രൈമറി ഹെൽത്ത് സെന്ററിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് രോഗികൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്ന ഇടമായി ഇവിടെ മാറ്റാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.

casuality