തുമ്പ : പൊരുതിനിന്ന് സമനില പിടിക്കാനുള്ള താത്പര്യം പോലും പ്രകടിപ്പിക്കാതിരുന്ന കേരളം ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ മൂന്നാംദിനം തന്നെ എട്ട് വിക്കറ്റ് തോൽവി ഏറ്റുവാങ്ങി. ഒന്നാം ഇന്നിംഗ്സിൽ മാന്യമായി ബാറ്റ് ചെയ്ത കേരളം രണ്ടാം ഇന്നിംഗ്സിൽ 39.2 ഒാവറിൽ 115 ന് ആൾ ഒൗട്ടായതോടെയാണ് പരാജയം പെട്ടെന്നായത്.

തുമ്പ സെന്റ് സേവ്യേഴ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ സഞ്ജു സാംസണിന്റെ സെഞ്ച്വറിയുടെയും (116), റോബിൻ ഉത്തപ്പയുടെ അർദ്ധ സെഞ്ച്വറിയുടെയും മികവിൽ കേരളം 239 റൺസെടുത്ത് ആൾ ഒൗട്ടായിരുന്നു. മറുപടിക്കിറങ്ങിയ ബംഗാൾ രണ്ടാംദിവസം കളി അവസാനിക്കുമ്പോൾ 236/6 എന്ന നിലയിലായിരുന്നു. ഇന്നലെ ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയ സന്ദർശകർ 307 റൺസിലാണ് ആൾ ഒൗട്ടായത്. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം ഞൊടിയിടയിൽ ആൾ ഒൗട്ടായതോടെ 48 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗാൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

അർദ്ധസെഞ്ച്വറി നേടിയ ഷഹ്ബസ് അഹമ്മദും (50), പിന്തുണ നൽകിയ അർണബ് നന്ദിയും (29) ചേർന്നാണ് ഒന്നാം ഇന്നിംഗ്സിൽ 307 റൺസിലെത്താൻ ബംഗാളിനെ തുണച്ചത്. ഇന്നലെ രാവിലെ 81 റൺസ് കൂട്ടിച്ചേർത്ത ബംഗാൾ 78 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് നേടിയത്.

തുടർന്ന് രണ്ട് ഇന്നിംഗ്സിനിറങ്ങിയ കേരളത്തെ രണ്ട് വിക്കറ്റ് വീഴ്ത്തിയ അശോക് ധിൻദയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അർണബ് നന്ദിയും ഷഹബാസ് അഹമ്മദും ഒാരോ വിക്കറ്റ് നേടിയ ഇശാൻ പൊരേലും മുകേഷ് കുമാറും ചേർന്നാണ് തകർത്തത്.

ആദ്യ ഒാവറിൽ ഒാപ്പണർ രാഹുലിനെ (0) ധിൻദ മടക്കി അയച്ചു. നാലാം ഒാവറിൽ ജലജ് സക്‌‌സേന (1) ഇശാന് കീഴടങ്ങി. 9-ാം ഒാവറിൽ സഞ്ജുവിനെ (18) ധിൻദ മടക്കിയതോടെ കേരളം പരിഭ്രാന്തിയിലായി. 11-ാം ഒാവറിൽ സച്ചിൻ ബേബിയും (9) കൂടാരം കയറിയതോടെ കേരളം 29/4 എന്ന നിലയിലായി. തുടർന്ന് റോബിൻ ഉത്തപ്പയും (33), വിഷ്ണു വിനോദും (33) കരകയറ്റാൻ നോക്കിയെങ്കിലും ഷഹ്ബാസും അർണബും ചേർന്ന് വിക്കറ്റുകൾ പിഴുത് കേരളത്തെ തകർത്തു. 85/4 എന്ന നിലയിലായിരുന്നു കേരളത്തിന് 100 റൺസെടുക്കുന്നതിനിടെ എട്ട് വിക്കറ്റുകൾ നഷ്ടമായി.

മറുപടിക്കിറങ്ങിയ ബംഗാളിന് അഭിഷേക് രാമൻ (4), കൗശിക് ഘോഷ് (19) എന്നിവരെ മാത്രമാണ് നഷ്ടമായത്. സന്ദീപ് വാര്യരാണ് ഇരുവരെയും പുറത്താക്കിയത്.

അഭിഷേക് രാമനാണ് മാൻ ഒഫ് ദ മാച്ച്.