തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയേയും മറ്റ് ഇടതുപക്ഷ നേതാക്കളെയും അറസ്റ്റുചെയ്‌തതിനെതിരെ തലസ്ഥാനത്ത് വ്യാപകപ്രതിഷേധം. എസ്.എഫ്‌.ഐ, ഡി.വൈ.എഫ്‌.ഐ സംഘടനകളുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡി.വൈ.എഫ്‌.ഐ മാർച്ച് സംസ്ഥാന സെക്രട്ടറി എ.എ. റഹീം ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ്, ട്രഷറർ എസ്.കെ. സജീഷ്, ജില്ലാ പ്രസിഡന്റ് വി. വിനീത്, സെക്രട്ടറി കെ.പി. പ്രമോഷ് എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധത്തിന് പിന്നാലെയാണ് എസ്.എഫ്‌.ഐയും രാജ്ഭവനിലേക്ക് മാർച്ച് നടത്തിയത്. സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻദേവ് ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ജെ.ജെ. അഭിജിത്ത് അദ്ധ്യക്ഷനായി. സെക്രട്ടറി റിയാസ് വഹാബ്, സംസ്ഥാന കമ്മിറ്റി അംഗം എ.ആർ. റിയാസ് എന്നിവർ സംസാരിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വൈകിട്ട് ഏരിയാകേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഇന്ന് ജില്ലാകേന്ദ്രത്തിൽ പ്രതിഷേധം സംഘടിപ്പിക്കും.